24 മണിക്കൂറിനുള്ളിൽ ഹജ്ജിനായി രജിസ്റ്റർ ചെയ്തത് 4,50,000 അപേക്ഷകർ

ഈ വർഷത്തെ ഹജ്ജിന് തെരെഞ്ഞെടുക്കപ്പെടുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമാണ് അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. അപേക്ഷകരിൽ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളും ആണുള്ളത്. സ്വദേശികളും വിദേശികളുമടക്കം ഇത്തവണ 60,000 പേർക്കായിരിക്കും ഹജ്ജിനവസരമുണ്ടാവുക എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
https://localhaj.haj.gov.sa/LHB എന്ന വെബ് പോർട്ടൽ വഴി ഇന്നലെ ഉച്ചക്ക് ഒരു മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പത്ത് ദിവസം നീണ്ട് നിൽക്കുന്ന രജിസ്ട്രേഷനാണ്. എന്നാൽ രജിസ്‌ട്രേഷൻ ആരംഭിച്ച് 24 മണിക്കൂർ ആയപ്പോഴേക്കും അനുവദിക്കപ്പെട്ട എണ്ണത്തിന്റെ ഏഴര ഇരട്ടി അപേക്ഷകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലുള്ള രജിസ്‌ട്രേഷൻ കൂടി കണക്കിലെടുത്താൽ ഇനിയും എത്രയോ ഇരട്ടി അപേക്ഷകളായിരിക്കും ലഭിക്കുക. ഇത്രയും അപേക്ഷകരിൽ നിന്നും 60,000 പേർക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരമുണ്ടാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here