ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ടീം പ്രഖ്യാപിച്ച് ന്യൂസീലൻഡ്

ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള ടീം പ്രഖ്യാപിച്ച് ന്യൂസീലൻഡ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി അജാസ് പട്ടേൽ ടീമിലെത്തിയതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച ഡഗ് ബ്രേസ്‌വെൽ, ജേക്കബ് ഡഫി, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മിച്ചൽ സാൻ്റ്നർ എന്നിവർ പുറത്തായി. കോളിൻ ഡി ഗ്രാൻഡ്‌ഹോം, വിൽ യങ്, ടോം ബ്ലണ്ടൽ എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ നടത്തിയ പ്രകടനമാണ് അജാസ് പട്ടേലിനെ ടീമിലെത്തിച്ചത്. മത്സരത്തിൽ അജാസ് 4 വിക്കറ്റ് വീഴ്ത്തിയിരുന്നു. പരുക്കേറ്റതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തിൽ പുറത്തിരുന്ന നായകൻ കെയിൻ വില്ല്യംസൺ, വിക്കറ്റ് കീപ്പർ ബിജെ വാറ്റ്‌ലിങ് എന്നിവരും ടീമിൽ ഇടം നേടി. കെയിൽ ജമീസൺ, ട്രെൻ്റ് ബോൾട്ട്, ടിം സൗത്തി, നീൽ വാഗ്നർ എന്നിവർക്കൊപ്പം മാറ്റ് ഹെൻറിയും പേസ് ഡിപ്പാർട്ട്മെൻ്റിൽ കളിക്കും. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കരിയറിൽ അരങ്ങേറി ഗംഭീര പ്രകടനം നടത്തിയ ഡെവോൺ കോൺവേയും മുതിർന്ന താരം റോസ് ടെയ്‌ലറും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
ന്യൂസീലൻഡ് ടീം: കെയിൻ വില്ല്യംസൺ, ബിജെ വാറ്റ്‌ലിങ്, അജാസ് പട്ടേൽ, കോളിൻ ഡി ഗ്രാൻഡ്‌ഹോം, വിൽ യങ്, ടോം ബ്ലണ്ടൽ, കെയിൽ ജമീസൺ, ട്രെൻ്റ് ബോൾട്ട്, ടിം സൗത്തി, നീൽ വാഗ്നർ, മാറ്റ് ഹെൻറി, ഡെവോൺ കോൺവേ, റോസ് ടെയ്‌ലർ, ടോം ലാതം, ഹെൻറി നിക്കോൾസ്
ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം.
Story Highlights: New Zealand announce squad for WTC Final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here