യുപിയിൽ വയോധികനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവം; വർഗീയതയില്ലെന്ന് പൊലീസ്

ഉത്തർപ്രദേശിൽ വയോധികനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിൽ വർഗീയതയില്ലെന്ന് പൊലീസ്. അബ്ദുൽ സമദ് വില്പന നടത്തിയ ഏലസ്സുമായി ബന്ധപ്പെട്ടാണ് ഇവർ വയോധികനെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിനായിരുന്നു ക്രൂരമായ ആക്രമണം. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.
കല്ലു, ആദിൽ, പർവേശ് ഗുർജാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുർജാറിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വച്ചാണ് വയോധികന് മർദ്ദനമേറ്റത്. ഇവർക്കൊപ്പം പോളി, ആരിഫ്, മുഷാഹിദ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 342, 323, 504, 506 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയിൽ തൻ്റെ താടി മുറിച്ചു എന്നും ജയ് ശ്രീറാം മുഴക്കാൻ പ്രതികൾ നിർബന്ധിച്ചു എന്നും അബ്ദുൽ സമദ് പറഞ്ഞിരുന്നു. എന്നാൽ, പരാതിയിൽ ഇതൊന്നും സൂചിപ്പിച്ചിരുന്നില്ല എന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കുടുംബത്തിലെ പൈശാചിക ശക്തി ഒഴിയുമെന്ന അവകാശവാദവുമായി സമദ് ഗുർജാറിന് ഒരു ഏലസ് നൽകിയെന്നും അതിനു ഫലം കാണാതെ വന്നതിനെ തുടർന്നാണ് പ്രതികൾ വയോധികനെ ആക്രമിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.
ജൂൺ അഞ്ചിന് നിസ്കരിക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്ന അബ്ദുൽ സമദിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇയാൾക്ക് ഓട്ടോറിക്ഷയിൽ ലിഫ്റ്റ് നൽകിയ അക്രമികൾ പിന്നീട് ഇയാളെ വലിച്ചിഴച്ച് അടുത്തുള്ള ഒരു കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാട്ടിനുള്ളിൽ ഒരു കുടിലിൽ വച്ചായിരുന്നു ആക്രമണം.
Story Highlights: No Communal Angle Muslim Man Was Beaten Over Amulets: UP Cops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here