‘ഇക്കാണുന്ന സംരക്ഷണമൊന്നും ഇല്ലാതിരുന്ന കാലം കടന്നാണ് ഞാൻ വന്നത്’; എ.എൻ രാധാകൃഷ്ണന്റെ വെല്ലുവിളിയിൽ മുഖ്യമന്ത്രിയുടെ മറുപടി

കെ. സുരേന്ദ്രനെ വേട്ടയാടുന്നത് തുടർന്നാൽ പിണറായി വിജയൻ വീട്ടിൽ കിടന്നുറങ്ങില്ല എന്ന എ എൻ രാധാകൃഷ്ണന്റെ ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി. രാധാകൃഷ്ണന്റെ ആളുകൾ ഇങ്ങനെയുള്ള പല ഭീഷണികളും വളരേക്കാലം മുൻപേ തന്റെ നേരെ ഉയർത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിലാണ് ഇപ്പോഴുള്ള സംരക്ഷണമൊക്കെ. ഇതൊന്നും ഇല്ലാതിരുന്ന കാലത്ത് നിന്നാണ് താൻ വന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ;
‘രാധാകൃഷ്ണന്റെ ആളുകൾ ഇങ്ങനെയുള്ള പല ഭീഷണികളും വളരേക്കാലം മുൻപേ എന്റെ നേരെ ഉയർത്തിയിട്ടുണ്ട്.
ജയിലിൽ കിടക്കലല്ല, അതിനും അപ്പുറമുള്ളത്. അന്നെല്ലാം ഞാൻ വീട്ടിൽ കിടന്നുറങ്ങുന്നുമുണ്ട്. അതിനൊരു പ്രയാസവുമുണ്ടായിട്ടില്ല. അതോർക്കുന്നത് നല്ലതാണ്. നമ്മളോരുരുത്തരും മറ്റുള്ളവരുടെ വിധികർത്താക്കളാണെന്ന് കരുതുന്നത് ശരിയായ നിലപാടല്ല. താൻ തീരുമാനിക്കുന്നത് നടപ്പിലാക്കും എന്ന് കരുതിയാൽ അതൊന്നും നടക്കില്ലെന്ന് നമ്മുടെ നാട് തെളിയിച്ചുകഴിഞ്ഞതാണ്.
പലർക്കും എന്തെല്ലാം മോഹങ്ങളുണ്ടായിരുന്നു, അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞോ? ഞാനതൊന്നും ആവർത്തിക്കുന്നില്ല. മക്കളെ ജയിലിൽ പോയി കാണേണ്ടിവരും എന്ന് പറയുന്നതിന്റെ ഉദ്ദേശം എന്താണ്? അതാണ് നാം ഗൗരവമായി കാണേണ്ടത്. ഇവിടെ ഒരു കേസിന്റെ അന്വേഷണം നടക്കുകയാണ്. അക്കാര്യത്തിൽ ഏതെങ്കിലും അമിത താത്പര്യത്തോടെയോ തെറ്റായോ സർക്കാർ ഇടപെട്ടുവെന്ന് ഇതുവരെ ആക്ഷേപം ഉയർന്നിട്ടില്ല. ഇപ്പോൾ ഉയർന്നിരിക്കുന്ന ഈ ഭീഷണി കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെയാണ്. എനിക്കീ സംരക്ഷണമൊക്കെ ഇപ്പോഴുണ്ടായതല്ലേ. ഇതൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് നിന്നാണ് ഞാൻ കടന്നുവന്നത്. അതേ ഭീഷണി ഉന്നയിച്ചവരോട് പറയാനുള്ളൂ’.
ബിജെപി സംസ്ഥാന പ്രസിഡന്റിനേയും നേതാക്കളേയും സർക്കാർ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് നടത്തിയ സത്യഗ്രഹത്തിൽ സംസാരിക്കുമ്പോഴായിരുന്നു പാർട്ടി സംസ്ഥാന ഉപാധ്യക്ഷന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള വെല്ലുവിളി.
Story Highlights: pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here