യൂറോ കപ്പ്: പ്രീക്വാർട്ടർ ഉറപ്പിക്കാൻ ബെൽജിയം ഇന്ന് ഡെന്മാർക്കിനെതിരെ; മത്സരത്തിനിടെ എറിക്സണ് ആദരവർപ്പിക്കും

യൂറോ കപ്പിൽ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ബെൽജിയം ഇന്ന് ഇറങ്ങുന്നു. ഡെന്മാർക്ക് ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 9.30ന് ഡെന്മാർക്കിലെ പാർക്കെൻ സ്റ്റേഡിയത്തിലാണ് മത്സരം. ബെൽജിയം ആദ്യ മത്സരത്തിൽ വിജയിച്ചപ്പോൾ ഡെന്മാർക്ക് ആദ്യ മത്സരത്തിൽ പരാജയെപ്പെട്ടു. ആദ്യ മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്സണ് മത്സരത്തിനിടെ ആദരവർപ്പിക്കും.
ടീം പരിഗണിക്കുമ്പോൾ ഡെന്മാർക്ക് ബെൽജിയത്തിന് എതിരാളികളേയല്ല. സുവർണ തലമുറയുമായി കളത്തിലിറങ്ങുന്ന ബെൽജിയത്തിനായി റൊമേലു ലുക്കാക്കു, തോർഗൻ ഹസാർഡ്, തിബാവ് കോർട്ട്വ, ടോബി അൽഡല്വെറാൾഡ്, ജാൻ വെർതൊംഗൻ, യോരി ടീലെമാൻസ് തുടങ്ങി ലോകോത്തര താരങ്ങളാണ് കളത്തിലിറങ്ങുക. മാർട്ടിൻ ബ്രാത്‌വെയ്റ്റ്, സൈമൻ ക്യേർ, തോമസ് ഡെലനി, യൂസുഫ് പോൾസൺ തുടങ്ങിയവർ ഡെന്മാർക്കിനായും കളത്തിലിറങ്ങും.
മത്സരത്തിൻ്റെ 10ആം മിനിട്ടിൽ പന്ത് പുറത്തേക്കടിച്ചു കളഞ്ഞ് എറിക്സണ് ആദരവർപ്പിക്കാനാണ് ഇരു ടീമുകളും തീരുമാനിച്ചിരിക്കുന്നത്. എറിക്സൺ ആണ് ഡെന്മാർക്കിൻ്റെ 10ആം നമ്പർ താരം. ഇൻ്റർ മിലാനിൽ എറിക്സണൊപ്പം കളിക്കുന്ന ബെൽജിയം ഫോർവേഡ് റൊമേലു ലുക്കാക്കുവാണ് ഇക്കാര്യം അറിയിച്ചത്. റഷ്യക്കെതിരെ നേടിയ ഗോൾ ലുക്കാക്കു എറിക്സണ് സമർപ്പിച്ചിരുന്നു.
അതേസമയം, തുടർച്ചയായ രണ്ടാം ജയത്തോടെ ഇറ്റലി പ്രീക്വാർട്ടർ ഉറപ്പിച്ചു. സ്വിറ്റ്സർലൻഡിനെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് മുൻ ലോക ചാമ്പ്യന്മാർ അടുത്ത ഘട്ടം ഉറപ്പിച്ചത്. ഇറ്റലിക്കായി മാനുവൽ ലോക്കടെല്ലി ഇരട്ട ഗോൾ നേടി.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ യുക്രൈൻ വടക്കൻ മാസഡോണിയയെ നേരിടും. വൈകിട്ട് 6.30നാണ് മത്സരം. നാളെ 12.30നു നടക്കുന്ന മത്സരത്തിൽ നെതർലൻഡ്സ്-ഓസ്ട്രിയ മത്സരവും നടക്കും.
Story Highlights: euro cup belgium vs denmark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here