ബൗൺസർ എറിഞ്ഞതിന് മാപ്പ് പറയണമെന്ന് സർഫറാസ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി ഷഹീൻ അഫ്രീദി

പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെ പാക് ദേശീയ ടീം താരങ്ങളായ സർഫറാസ് അഹ്മദും ഷഹീൻ അഫ്രീദിയും പരസ്പരം കൊമ്പുകോർത്തത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സർഫറാസിനെതിരെ ഷഹീൻ അഫ്രീദി ബൗൺസർ എറിഞ്ഞതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ കളിക്കളത്തിൽ ഏറ്റുമുട്ടിയത്. ബൗൺസർ എറിഞ്ഞതിന് മാപ്പു പറയണമെന്ന് സർഫറാസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് താൻ ദേഷ്യപ്പെട്ടതെന്ന ഷഹീൻ്റെ വെളിപ്പെടുത്തൽ വിവാദം കൊഴുപ്പിക്കുകയാണ്.
അബുദാബിയിലെ ഷെയ്ഖ് സായെദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ, ക്വെറ്റ ഗ്ലാഡിയേറ്റേഴ്സും ലാഹോർ ക്വലാൻഡേഴ്സും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം നടന്നത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സാണ് ആദ്യം ബാറ്റ് ചെയ്തത്. ഇന്നിംഗ്സിലെ 19ആം ഓവർ എറിഞ്ഞത് ഷഹീൻ അഫ്രീദിയായിരുന്നു. സർഫറാസ് ആയിരുന്നു ബാറ്റ് ചെയ്തിരുന്നത്. അവസാന പന്തിൽ ഷഹീൻ ഒരു മികച്ച ബൗൺസർ എറിയുകയും പന്ത് സർഫറാസിൻ്റെ ഹെൽമറ്റിൽ ഇടിക്കുകയും ചെയ്തു. ഒരു റൺ ഓടി അപ്പുറമെത്തിയ സർഫറാസ് ഷഹീനോട് എന്തോ പറയുകയും പിന്നീട് വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. ഇപ്പോൾ എന്താണ് സർഫറാസ് തന്നോട് പറഞ്ഞതെന്ന് ഷഹീൻ തുറന്നുപറയുകയാണ്.
“ബൗൺസർ എറിഞ്ഞതിന് മാപ്പ് പറയണമെന്ന് സർഫറാസ് എന്നോട് ആവശ്യപ്പെട്ടു. ഞാനെന്തിന് അത് ചെയ്യണം? ഒരു ബൗളർ എന്ന നിലയിൽ ബൗൺസർ എറിയുക എന്നത് എൻ്റെ അവകാശമാണ്. വൈസ് ക്യാപ്റ്റനെന്ന നിലയിൽ മറ്റ് ബൗളർമാർക്ക് നിർദ്ദേശങ്ങളും നൽകാം.”- ഷഹീൻ പറഞ്ഞു.
അതേസമയം, സംഭവത്തിൽ രണ്ട് പേർക്കും മാച്ച് റഫറി താക്കീത് നൽകിയിട്ടുണ്ട്.
Story Highlights: Sarfaraz Ahmed, Shaheen Afridi on-field argument
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here