ടൂള്‍ കിറ്റ് കേസ്; ട്വിറ്ററിന്‍റെ ഇന്ത്യൻ എംഡിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു

ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്ററിന്‍റെ ഇന്ത്യൻ എംഡി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ മാസമായിരുന്നു ചോദ്യം ചെയ്യല്‍. കൊവിഡ് വ്യാപനത്തില്‍ രാജ്യത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പ്രതിച്ഛായ ഇല്ലാതാക്കാൻ കോണ്‍ഗ്രസ് ആസൂത്രിമായി പ്രവര്‍ത്തിച്ചുവെന്നും ഇതിനായി ടൂള്‍ കിറ്റ് തയ്യാറാക്കിയെന്നുമായിരുന്നു ബിജെപി ആരോപണം.
എന്തൊക്കെ വിവരങ്ങള്‍ ആരാഞ്ഞുവെന്ന് പുറത്തുവന്നിട്ടില്ല. എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് ടൂള്‍ കിറ്റ് വ്യാജമാണെന്ന് ട്വിറ്റര്‍ അടയാളപ്പെടുത്തിയതെന്ന വിവരം പൊലീസ് തേടാനാണ് സാധ്യത. ഡൽഹിയിലെയും ഗൂരുഗ്രാമിലെയും ട്വിറ്ററിന്‍റെ ഓഫീസുകളിലെത്തി പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് മെയ് 31ന് മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തത്.
നേരത്തെ ട്വിറ്ററില്‍ ടൂള്‍ കിറ്റ് പുറത്തുവിട്ടായിരുന്നു വക്താവ് സംപീത് പാത്ര ഉള്‍പ്പെടെയുള്ളവര്‍ ആരോപണമുന്നയിച്ചത്. എന്നാല്‍ ഇത് കൃത്രിമമാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് മന്ത്രിമാരുള്‍പ്പെടെ ടൂള്‍ കിറ്റ് പ്രചരിപ്പിച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസ് നല്‍കി. പിന്നാലെ ട്വീറ്റുകളിലെ ടൂള്‍ കിറ്റ് കൃത്രിമമാണെന്ന് ട്വിറ്ററും ലേബല്‍ ചെയ്തു. ഇതിലാണ് ഡൽഹി പൊലീസ് സ്പെഷ്യല്‍ സെല്‍ മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്തത്.
അതേസമയം സാമൂഹിക മാധ്യമമെന്ന നിയമപരിരക്ഷ നഷ്ടമായതില്‍ നിയമനടപടിയിലേക്ക് കടക്കാനാണ് ട്വിറ്റര്‍ നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here