എമ്പുരാനു മുൻപ് മോഹൻലാൽ നായകനായി പൃഥ്വിരാജിന്റെ സിനിമ; ‘ബ്രോ ഡാഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനു മുൻപ് പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനാവുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബ്രോ ഡാഡി എന്ന ചിത്രത്തിൻ്റെ പോസ്റ്റർ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പൃഥ്വി തന്നെയാണ് പങ്കുവച്ചത്.
ചിത്രം ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന ഒരു ഫാമിലി ഡ്രാമയാണെന്ന് പൃഥ്വി കുറിച്ചു. പുതുമുഖങ്ങളായ ശ്രീജിത്ത് എൻ, ബിപിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവർ സിനിമയിൽ അഭിനയിക്കും. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. അഭിനന്ദൻ രാമാനുജം ക്യാമറ ചലിപ്പിക്കും. ദീപക് ദേവാണ് സംഗീത, അഖിലേഷ് മോഹനൻ എഡിറ്റർ.
അതേസമയം, മലയാളി പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യും. ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കേരളത്തിലെ മുഴുവൻ തീയറ്ററുകളിലും റിലീസ് ചെയ്യാനാണ് തീരുമാനം. ഈ സമയം മറ്റ് ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകില്ല. വമ്പൻ റിലീസിലൂടെ സിനിമ വ്യവസായത്തെ ഉണർത്താനാണ് ശ്രമം. നേരത്തെ, മെയ് 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ ഉയരുന്ന കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം മാറ്റുകയായിരുന്നു.
Story Highlights: mohanlal and prithviraj bro daddy poster out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here