അവസാനം വിളിച്ചപ്പോള്‍ ഒന്ന് കാണണമെന്ന് പറഞ്ഞു, ആഗ്രഹം സാധ്യമാകാതെ രമേശേട്ടന്‍ പോയി

..

ആര്‍. ശ്രീകണ്ഠന്‍ നായര്‍
ചീഫ് എഡിറ്റര്‍, ട്വന്റിഫോര്‍
അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായരെ അനുസ്മരിച്ച് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍
തൃശൂര്‍ ആകാശവാണിയില്‍വച്ചാണ് രമേശേട്ടനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് ഞാന്‍ അവിടെ ചെല്ലുമ്പോള്‍ രണ്ട് കവികള്‍ ഒരു മുറിയില്‍ ഇരുന്ന് സ്വകാര്യം പറയുന്നതാണ് കാണുന്നത്. ഒന്ന് അക്കിത്തവും മറ്റൊരാള്‍ എസ്.രമേശന്‍ നായരുമായിരുന്നു. കവി എന്നതിനപ്പുറം ഫലിതബോധമുള്ള ആളായിരുന്നു രമേശേട്ടന്‍. ധാരാളം തമാശകള്‍ പറഞ്ഞ് ചിരിക്കുമായിരുന്നു. ഞാന്‍ പല സ്ഥാപനങ്ങള്‍ മാറി ജോലി ചെയ്തപ്പോഴെല്ലാം അവിടത്തെ വിശേഷങ്ങള്‍ അദ്ദേഹം അന്വേഷിച്ചിരുന്നു. അനിയനെ പോലെയായിരുന്നു അദ്ദേഹം എന്നെ കണ്ടിരുന്നത്. എനിക്ക് രമേശന്‍ നായര്‍ രമേശേട്ടനാണ്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പരിഹസിച്ചുകൊണ്ട് രമേശേട്ടന്‍ എഴുതിയ ‘ശതാഭിഷേകം’ എന്ന നാടകം അക്കാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അതിലെ കഥാപാത്രങ്ങളായിരുന്നു കിങ്ങിണിക്കുട്ടനും കിട്ടുമ്മാവനും. തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നായിരുന്നു ആ നാടകം പ്രക്ഷേപണം ചെയ്തിരുന്നത്. എന്നാല്‍ വിവാദങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. ‘അതൊക്കെ അതിന്റെ വഴിക്ക് പോകുമെന്നും നമ്മള്‍ ചിന്തിക്കേണ്ട കാര്യമില്ല’ എന്നുമായിരുന്നു രമേശേട്ടന്റെ ലൈന്‍. അടിമുടി കവിയായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. വളരെ വേഗത്തില്‍ കവിത എഴുതുമായിരുന്നു. മലയാളികളേക്കാള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് അദ്ദേഹത്തെ ഏറെ ആദരിച്ചത്.
കഴിഞ്ഞ ദിവസം അവസാനമായി അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഒന്ന് നേരില്‍ കാണണമെന്നാണ് ആവശ്യപ്പെട്ടത്. കൊവിഡ് സാഹചര്യമായതിനാല്‍ കാര്യം ഫോണില്‍ കൂടെ പറയാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രമേശേട്ടന്‍ വഴങ്ങിയില്ല. നേരിട്ട് കാണുമ്പോള്‍ പറയാമെന്നാണ് പറഞ്ഞത്. എന്നാല്‍ ആ ആഗ്രഹം സാധ്യമാകാതെ അദ്ദേഹം കടന്നുപോയി. അദ്ദേഹം പറയാന്‍ ആഗ്രഹിച്ചത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. രമേശേട്ടന്‍ കടന്നുപോകുന്നതോടെ നഷ്ടമാകുന്നത് ചെറിയ ആളിനെയല്ല. മലയാള കവിതയെ ഏറെ സമ്പന്നമാക്കിയ ഒരാളാണ് കടന്നുപോകുന്നത്. വ്യക്തിപരമായി പറഞ്ഞാല്‍ ജീവിതത്തിന്റെ പടവുകളില്‍ നിഴലായി കൂടെ നിന്നിരുന്ന സഹോദരനെയാണ് നഷ്ടമായിരിക്കുന്നത്.
Story Highlights: S Rameshan Nair, R Sreekandan Nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here