പത്ത് വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണ ചർച്ച

കെഎആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനുള്ള ചർച്ച നാളെ നടക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ റഫറണ്ടത്തിലൂടെ അംഗീകാരം നേടിയ, ജീവനക്കാരുടെ സംഘടനകളെയെല്ലാം വിളിച്ചിട്ടുണ്ട്.
കെ എസ് ആർ ടി സി നവീകരണത്തിന്റെ പാതയിലാണെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത്, ആധുനികവൽകരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ശമ്പള പരിഷ്കരണ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
സെക്രട്ടേറിയറ്റിൽ നടക്കുന്ന ചർച്ചയിൽ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, മറ്റ് ഉന്നതോദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് റോഡ് ട്രാൻ പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു), ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫെഡറേഷൻ (ടിഡി എഫ്), കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) എന്നീ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
2010ൽ ആണ് അവസാനമായി ശമ്പള പരിഷ്കരണം നടന്നത്. 2015ൽ സേവന-വേതന പരിഷ്കരണത്തിനുള്ള ശ്രമം ഉണ്ടായെങ്കിലും നീട്ടിവെക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here