ചെമ്പരത്തി കൊണ്ടൊരു സുലൈമാനി

ഈ മഴക്കാലത്ത് മഴയുടെ ഭംഗി ആസ്വദിച്ച് നല്ല ആവിപറക്കുന്ന സുലൈമാനി ഊതി കുടിച്ചിരിക്കാൻ ഒരു പ്രത്യേക സുഖമാണ്. പതിവ് സുലൈമാനി രുചികൾ വിട്ട് പുതിയ ഒരു സുലൈമാനിയെ പരിചയപ്പെട്ടാലോ!
നമ്മുടെ എല്ലാവരുടെയും വീട്ടിൽ സുലഭമായി കാണുന്ന ഒന്നാണ് ചെമ്പരത്തി. ഈ ചുവന്ന ചെമ്പരത്തി പൂവിന്റെ ഗുണങ്ങൾ എന്താണെന്ന് ചോദിച്ചാൽ പതിവ് ഉത്തരം തന്നെയാകും പലരും നൽകുക. ചെമ്പരത്തി പൂവ് താളിയാക്കി ഉപയോഗിക്കാം, മുടിക്ക് കറുപ്പ് നിറം കിട്ടാന്‍ വെളിച്ചെണ്ണ കാച്ചി തേക്കാം എന്നൊക്കെ. എന്നാൽ ഇതിൽ മാത്രം ഒതുങ്ങുന്നതല്ല ചെമ്പരത്തി പൂവിന്റെ ഗുണഗണങ്ങൾ. രക്തശുദ്ധിക്കും വളരെ പ്രയോജനപ്രദമാണ് ചെമ്പരത്തിപ്പൂവ്.
ചെമ്പരത്തി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗം ആക്കുന്നത് ഉത്തമമാണ്. അതിനൊരു വഴിയുമുണ്ട്, ചെമ്പരത്തി പൂവ് കൊണ്ടൊരു സുലൈമാനി ഉണ്ടാക്കിയാലോ.
ചേരുവകൾ
- ചെമ്പരത്തി പൂവ് – 20 എണ്ണം
- ഏലക്കപൊടി – ഒരു നുള്ള്
- പഞ്ചസാര അല്ലെങ്കില്‍ ശര്‍ക്കര ആവശ്യത്തിന്
- വെള്ളം – 3 ഗ്ലാസ്
- ഗ്രാമ്പു – 2 എണ്ണം
- ചെറുനാരങ്ങ നീര് – 1 സ്പൂണ്‍
തയാറാക്കുന്ന വിധം
ചെമ്പരത്തി പൂവിന്റെ ചുവന്ന ഭാഗം മാത്രം എടുക്കുക. ഇത് നല്ല വൃത്തിയായി രണ്ട് മൂന്ന് വെള്ളത്തിൽ കഴുകി എടുക്കണം.
ഒരു പാനിൽ വെള്ളം നന്നയി തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്ക് കഴുകി വൃത്തിയാക്കിയ ചെമ്പരത്തി പൂക്കള്‍ ഇട്ടുകൊടുക്കുക. അതിന് ശേഷം പൂവ് അരിച്ചെടുക്കുക. അപ്പോൾ വെള്ളത്തിന്റെ നിറം ചുവപ്പായിട്ടുണ്ടാകും. ഇനി തിളച്ച ചുവന്നവെള്ളത്തിലേക്ക് ഏലക്ക പൊടിച്ചതും പഞ്ചസാരയും ഗ്രാമ്പുവും ഇട്ടു കൊടുക്കണം. ചൂടാറിക്കഴിഞ്ഞാല്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് ഗ്ലാസിലാക്കി കുടിക്കാം. ഇത് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചാല്‍ രുചിയേറും. ചെമ്പരത്തിപൂവിന്റെ എണ്ണം കൂടിയാല്‍ വെള്ളത്തിന്റെ നിറവും രുചിയും കൂടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here