യൂറോ കപ്പിൽ കളിച്ച ഫിൻലൻഡ് താരം എടികെ മോഹൻബഗാനിലേക്ക്

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിൽ ഫിൻലൻഡിനായി ബൂട്ടണിഞ്ഞ മധ്യനിര താരം ജോണി കൗകോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻ ബഗാനിലേക്ക്. കുറച്ച് കാലം മുൻപ് തന്നെ ഇത്തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ ഇത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
2008 ൽ ഫിൻലൻഡ് ക്ലബ്ബായ ഇന്റർ ടുർക്കുവിലൂടെയാണ് കൗകോ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ജെർമ്മൻ ക്ലബ്ബായ എഫ് എസ് വി ഫ്രാങ്ക്ഫർട്, ഡെന്മാർക്ക് ക്ലബ്ബായ റാൻഡേഴ്സ്, എസ്ബെഗ് എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. എസ്ബെഗിലാണ് അവസാനം കളിച്ചത്. നിലവിൽ ഫ്രീ ഏജൻ്റാണ്. ആകെ 331 തവണ ക്ലബ് മത്സരങ്ങളിൽ ഇറങ്ങിയ താരം 38 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. ഫിൻലൻഡിന്റെ അണ്ടർ 16, 18, 19, 21 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഈ മുപ്പതുകാരൻ സീനിയർ ടീമിനായി 27 തവണ കളത്തിലിറങ്ങിയിട്ടുണ്ട്.
വരുന്ന ഐഎസ്എൽ സീസണു മുന്നോടിയായി ടീം അഴിച്ചുപണിയുകയാണ് എടികെ. യുവതാരം കോമൾ തട്ടാൽ, ജയേഷ് റാണെ, മൈക്കൽ സൂസൈരാജിൻ്റെ സഹോദരൻ മൈക്കൽ റെജിൻ എന്നിവരെ കഴിഞ്ഞ ആഴ്ച ക്ലബ് റിലീസ് ചെയ്തിരുന്നു. മുംബൈ സിറ്റി എഫ്സി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ എടികെ ടീമിൽ എത്തിക്കുകയും ചെയ്തു. അഞ്ച് വർഷത്തെ കരാറിലാണ് താരം എടികെയിലെത്തുന്നത്. ഹൈദരാബാദ് എഫ്സിയ്ക്കായി കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയ ലിസ്റ്റൺ കൊളാസോയെ ഒരു കോടിയോളം രൂപ മുടക്കി ക്ലബ് ടീമിൽ എത്തിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
Story Highlights: Joni Kauko to ATK Mohun Bagan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here