കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

വിടവാങ്ങിയത് ആയിരക്കണക്കിന് അനശ്വര ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഗാനരചയിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.15ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് അടുത്ത് അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി ജനിച്ച പൂവച്ചല്‍ ഖാദര്‍ 1973ലാണ് മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കവിത എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. കാറ്റുവിതച്ചവന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് പാട്ടെഴുത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പൂവച്ചല്‍ ഖാദര്‍ നാന്നൂറിലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ചു.
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…,മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ…, അനുരാഗിണീ ഇതാ എന്‍…, ഏതോ ജന്മകല്‍പനയില്‍, പൂമാനമേ.., ശരറാന്തല്‍ തിരിതാണു.., ചിത്തിരത്തോണിയില്‍…., പൊന്‍വീണേ എന്നുള്ളില്‍… തുടങ്ങി മലയാളികള്‍ക്കായി പൂവച്ചല്‍ ഖാദര്‍ എഴുതി അനശ്വരമാക്കിയ വരികള്‍ നിരവധിയാണ്.
ചലച്ചിത്ര രംഗത്ത് മാത്രമല്ല ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും പൂവച്ചല്‍ അനശ്വരമാക്കിയവയിലുണ്ട്. ആകാശവാണിക്കുവേണ്ടി ഒട്ടേറെ ലളിതഗാനങ്ങളും രചിച്ച അദ്ദേഹം ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന എണ്‍പതുകളില്‍ മാത്രം രചിച്ചത് എണ്ണൂറോളം പാട്ടുകളാണ്. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സംഗീത നാടക അക്കാദമി പുരസ്‌കാരം, മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്‌കരന്‍ പുരസ്‌കാരം തുടങ്ങിയവും നേടിയിട്ടുണ്ട്. ആര്യനാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശൂര്‍ വലപ്പാട് പോളിടെക്‌നിക് കോളജ്, തിരു.എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: അമീന, മക്കള്‍: തുഷാര, പ്രസൂന.
തിരുവനന്തപുരം പൂവച്ചല്‍ കുഴിയംകൊണം ജമാഅത്ത് പള്ളിയില്‍ ഇന്ന് വൈകിട്ടോടെ സംസ്‌കാരം നടക്കും.
Story Highlights: poovachal khader died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here