രാമനാട്ടുകരയില്‍ യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നില്‍ അന്തര്‍സംസ്ഥാന സ്വര്‍ണക്കടത്ത് സംഘമെന്ന് സൂചന

രാമനാട്ടുകരയില്‍ അഞ്ച് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നില്‍
അന്തര്‍സംസ്ഥാന സ്വര്‍ണക്കടത്ത് സംഘമെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്വര്‍ണക്കടത്തടക്കം നിരവധി കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ അനസ് അടക്കം ചെര്‍പ്പുളശ്ശേരിയില്‍ താമസിച്ചതിന്റെ തെളിവുകളാണ് ട്വന്റിഫോറിന് ലഭിച്ചത്. ചെര്‍പ്പുളശ്ശേരി കേന്ദ്രീകരിച്ചാണ് കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
കാപ്പ ചുമത്തപ്പെട്ട പെരുമ്പാവൂര്‍ അനസ് പുറത്തിറങ്ങിയത് കഴിഞ്ഞ മാര്‍ച്ചിലാണ്. എറണാകുളം ജില്ലയിലേക്ക് ഇയാള്‍ക്ക് പ്രവേശന വിലക്കുണ്ട്. അനസിന് വേണ്ട സംരക്ഷണമൊരുക്കിയത് ചെര്‍പ്പുളശ്ശേരിക്കാരായ ക്വട്ടേഷന്‍ സംഘമാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഒരുമാസത്തിലേറെ അനസ് ചെര്‍പ്പുളശ്ശേരിയില്‍ തങ്ങി. നെല്ലായയിലെ വീട്ടിലും ഹോട്ടലിലും അനസിനെ താമസിപ്പിച്ചത് ചരല്‍ ഫൈസലാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അനസും ഫൈസലും ഒപ്പം നില്‍ക്കുന്ന ഹോട്ടല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഫൈസലിനെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം.
ചെര്‍പ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കളുടെ മരണവുമായി ബന്ധപ്പെട്ട് ഫൈസല്‍ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം കവര്‍ച്ച ചെയ്യാനും കുഴല്‍പ്പണം കവരാനുമുള്ള ഗൂഢാലോചന നടന്നത് അനസിന്റെയും ചരല്‍ ഫൈസലിന്റെയും നേതൃത്വത്തിലാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഘത്തിലേക്ക് യുവാക്കളെ ചേര്‍ത്തത് ഇവരുടെ നേതൃത്വത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശിയായ സൂഫിയാന്‍, കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ എന്നിവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights: ramanattukara accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here