‘വിസ്മയയെയും സഹോദരൻ വിജിത്തിനേയും കിരൺ മർദിച്ചത് കണ്ടിരുന്നു’; ദൃക്‌സാക്ഷിക്ക് പറയാനുള്ളത്

കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ മുന്‍പ് മര്‍ദിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. വിസ്മയയെയും സഹോദരൻ വിജിത്തിനേയും കിരൺ മർദിച്ചത് കണ്ടിരുന്നുവെന്ന് പ്രദേശത്തെ കോഴിക്കടയിലെ ജീവനക്കാരനായ അൽ അമീൻ ട്വന്റിഫോറിനോട് പറഞ്ഞു.
അൽ അമീന്റെ വാക്കുകൾ ഇങ്ങനെ : ‘രാത്രി 1.30 ആയിക്കാണും. രാത്രിയാണ് കോഴിയുടെ ലോഡ് വരുന്നത്. കാറിൽ വന്ന ഞാൻ കടയുടെ മുന്നിൽ കിടക്കുകയായിരുന്നു. ഞാൻ വരുമ്പോ അവിടെ വണ്ടിയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇത്തിരി കഴിഞ്ഞപ്പോൾ ഒരു കാർ കൊണ്ടുവന്ന് നിർത്തി. (വിസ്മയയുടെ ഭർത്താവ് കിരണിന്റെ കാർ ആയിരുന്നു അത്). കാർ ഇവടെ നിന്ന് റെയ്‌സ് ചെയ്ത് വന്നിട്ട് എന്റെ വണ്ടിയുടെ അടുത്ത് കൊണ്ടുവന്ന് നിർത്തി. എന്താണ് ഈ സമയത്ത് ഞാൻ അവിടെ എന്ന് കിരൺ ചോദിച്ചു. ഞാൻ പറഞ്ഞു ലോഡ് എടുക്കാൻ ആണെന്ന്. വീണ്ടും വണ്ടി റെയ്‌സ് ചെയ്ത് പോയി. ഗേറ്റ് തുറന്ന് അവർ വണ്ടിയെടുത്ത് അകത്ത് കയറ്റിയതും ചേച്ചിയെ (വിസ്മയയെ) വിളിക്കുന്ന ശബ്ദം കേട്ടു. ചേച്ചിയെ എന്തോ മർദിക്കുകയോ എന്തോ ചെയ്തു, വണ്ടിയിൽ നിന്ന് ഇറങ്ങി…വിജിത്ത് അണ്ണൻ (വിസ്മയയുടെ സഹോദരൻ) ഇത് ചോദിക്കാൻ ചെന്നപ്പോൾ, വിജിത്തണ്ണനെ തള്ളിയിട്ട് അടിക്കുന്നതാണ് ഞാൻ കാണുന്നേ. അപ്പോഴേക്കും ഇവിടെ കോഴി വന്നായിരുന്നു. കോഴിക്കാര് രണ്ട് പോരും ഉണ്ടായിരുന്നു. ഞങ്ങൾ മൂന്ന് പേരും അപ്പുറത്ത് നിന്ന് സാബു സാറും ഓടി വന്ന് ചോദിച്ചു, എന്താടാ എന്ന് ചോദിച്ചപ്പോഴേക്കും കിരൺ കതക് തുറന്ന് ഇറങ്ങിയോടി. വിജിത്തണ്ണന്റെ മുഖത്ത് മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നു.’
വിസ്മയയെ മുൻപ് കിരൺ മർദിച്ച കേസിൽ പുനഃരന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജനുവരിയിലാണ് വിസ്മയയെ വീട്ടിൽവച്ച് കിരൺ മർദിച്ചത്. ഈ പരാതിക്ക് കരുത്ത് നൽകുകയാണ് ഇപ്പോൾ പുറത്ത് വന്ന അൽ അമീന്റെ മൊഴി. പുനഃരന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ അറിയിച്ചു.
അന്ന് കിരണിന്റെ അച്ഛനും സഹപ്രവർത്തകനും ഭാര്യാ സഹോദരനും ഇടപെട്ടാണ് കേസ് ഒത്തു തീർപ്പാക്കിയത്. ഇനി ഇത്തരത്തിൽ ഉണ്ടാകില്ലെന്ന് കിരണിൽ നിന്ന് എഴുതി വാങ്ങിയിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്നും വിസ്മയയുടെ കുടുംബം ആരോപിച്ചു. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കുടുംബം തൃപ്തി പ്രകടിപ്പിച്ചു.
Story Highlights: al ameen explains kiran attacking vismaya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here