തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഛത്തീസ്ഗഡിൽ വച്ചാണ് മരണം. നോർത്ത് തെലങ്കാന മാവോയിസ്റ്റ് സ്റ്റേറ്റ് സ്പെഷ്യൽ സോണൽ കമ്മറ്റി സെക്രട്ടറിയും ദേശീയ കമ്മറ്റി അംഗവുമായ ഹരിഭൂഷൺ ആണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലായിരുന്നു ഹരിഭൂഷണിൻ്റെ പ്രവർത്തനങ്ങൾ.
ജൂൺ 21ന് ഹരിഭൂഷൺ മരണപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, മരണം മാവോയിസ്റ്റുകൾ സ്ഥിരീകരിച്ചിട്ടില്ല. ഹരിഭൂഷൻ ഉൾപ്പെടെ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് നേരത്തെ തങ്ങൾക്ക് വിവരം ലഭിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.
52കാരനായ ഹരിഭൂഷൺ, ലക്മു ദാദ എന്നാണ് അറിയപ്പെട്ടിരുന്നത്. മേഖലയിലെ 22 മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഹരിഭൂഷൺ ഉൾപ്പെട്ടിട്ടുണ്ടെന്നാന് വിവരം.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്.
രാജ്യത്ത് ഇതുവരെ 2,99,77,861 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 2,89,26,038 പേരാണ്. ആകെ കൊവിഡ് മരണം 3,89,302 ആണ്. നിലവിൽ 6,62,521 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Story Highlights: Maoist Leader Dies Of Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here