കനിമൊഴിയുടെ ആത്മഹത്യ; സ്ത്രീധനത്തെച്ചൊല്ലി ഭർത്താവ് മകളെ മർദ്ദിച്ചിരുന്നു എന്ന് മാതാപിതാക്കൾ
![kanimozhi suicide parents reaction](https://www.twentyfournews.com/wp-content/uploads/2021/06/Untitled-2021-06-25T093657.903.jpg?x52840)
എറണാകുളം വാതുരുത്തിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കാർത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. സ്ത്രീധനത്തെച്ചൊല്ലി മകൾക്ക് നിരന്തരം മർദ്ദനം ഏൽക്കേണ്ടിവന്നിരുന്നു എന്ന് മരിച്ച കനിമൊഴിയുടെ മാതാപിതാക്കൾ പറഞ്ഞു. മകളെ ഭർത്താവ് വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു. സംഭവത്തിൽ കാർത്തികിൻ്റെ മാതാപിതാക്കൾ ഇടപെട്ടില്ലെന്നും കുടുംബം 24നോട് പറഞ്ഞു.
ഇവർ തമിഴ്നാട് സ്വദേശികളാണ്. വർഷങ്ങളായി ഇവർ വാതുരുത്തി കോളനിയിലാണ് താമസിച്ചിരുന്നത്. മരിച്ച കനിമൊഴിയും ഭർത്താവും തമ്മിൽ സ്ത്രീധനത്തെച്ചൊല്ലി വഴക്ക് പതിവായിരുന്നു. ഇതിൻ്റെ പേരിൽ ഭർത്താവ് കാർത്തിക് കനിമൊഴിയെ നിരന്തരം മർദ്ദിച്ചിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം. മധുര സ്വദേശിയാണ് കാർത്തിക്. കാർത്തികും കുടുംബവും ഇതേ കോളനിയിൽ തന്നെയാണ് കഴിയുന്നത്.
ആദ്യ ഘട്ടത്തിൽ മർദ്ദന വിവരം മാതാപിതാക്കളോട് യുവതി അറിയിച്ചിരുന്നില്ല. മർദ്ദനം പതിവായതിനെ തുടർന്നാണ് കനിമൊഴി മാതാപിതാക്കളോട് ഇക്കാര്യങ്ങൾ അറിയിച്ചത്. സ്ത്രീധനത്തിൻ്റെ പേരിൽ പലതവണ കനിമൊഴിയെ വീട്ടിൽ നിന്ന് കാർത്തിക് ഇറക്കിവിട്ടിരുന്നു. ഇന്നലെ രാവിലെ ഭർത്താവിൻ്റെ വീട്ടിൽ തന്നെ തെൻ്റെ വീട്ടിലെത്തിയ കനിമൊഴി അവിടെ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സമയത്ത് മാതാപിതാക്കൾ ജോലിക്ക് പോയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
10 പവൻ സ്വർണം നൽകാമെന്നായിരുന്നു യുവതിയുടെ മാതാപിതാക്കൾ കാർത്തികിനു നൽകിയിരുന്ന ഉറപ്പ്. എന്നാൽ, 4 പവൻ സ്വർണം മാത്രമേ അവർക്ക് നൽകാനായുള്ളൂ.
മൂന്ന് വർഷങ്ങൾക്ക് മുൻപ് യുവതി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ആ സമയത്ത് വീട്ടുകാർ ചേർന്ന് സംഭവം ഒത്തുതീർപ്പാക്കുകയായിരുന്നു.
Story Highlights: kanimozhi suicide parents reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here