29
Jul 2021
Thursday

മൂന്നാറിനെ തോൽപ്പിക്കുന്ന സൗന്ദര്യം; മേഘങ്ങൾ പുണരും മേഘമലൈ

തമിഴ് ഭാഷയില്‍ പച്ച കൊടുമുടികള്‍ എന്ന് വിളിപ്പേരുള്ള മനോഹരമായ ഒരു ഹില്‍സ്‌റ്റേഷനുണ്ട്. സഞ്ചാരികളുടെ പ്രിയയിടം. കമ്പം-തേനി വരെ പോകുന്ന യാത്രക്കാര്‍ ഒരല്‍പ്പം കൂടി മുന്നോട്ട് പോയാൽ കാത്തിരിക്കുന്നത് അവര്‍ണ്ണനീയമായ കാഴ്ചകള്‍ കൊണ്ട് നിറഞ്ഞ ഒരു മലയോര ഗ്രാമമാണ് മേഘമല.

‘മേഘങ്ങൾ ഉമ്മവെയ്ക്കുന്ന തേയിലക്കുന്നുകൾ’ ഒറ്റവാക്കിൽ മേഘമലയെ അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് മേഘമലയ്ക്ക്. മൂന്നാറിനെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് മേഘമലയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു ചെരിഞ്ഞ സ്ഥലത്ത് അടുക്കടുക്കായി വെച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന തേയിലത്തോട്ടങ്ങൾ മാത്രം മതി മേഘമലയുടെ ഭംഗി തിരിച്ചറിയാൻ. എപ്പോളും വീശുന്ന തണുത്ത കാറ്റും മേഘങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ ആകർഷണം.

കേരളത്തിനോട് ഏറ്റവും അടുത്തായി തമിഴ്‌നാട്ടിലെ തേനിയില്‍ സ്ഥിതിചെയ്യുന്ന മേഘമലയുടെ വിശേഷങ്ങള്‍ എത്രപറഞ്ഞാലും മതിവരില്ല. മേഘമല പശ്ചിമഘട്ടത്തിലെ പറുദീസയാണ്. സൗന്ദര്യം ആസ്വദിക്കുവാനായി നിരവധിപേരാണ് അവിടേയ്ക്ക് യാത്ര തിരിക്കുന്നത്.

കയ്യെത്തും ദൂരത്ത് മേഘങ്ങളെ കാണാം

ഹൈ വേവിസ് എന്നാണ് ബ്രിട്ടീഷ് ഭരണക്കാലത്ത് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. സദാസമയവും മേഘത്താല്‍ ആവരണം ചെയ്യപ്പെട്ട കൊടുമുടിയെ പില്‍ക്കാലത്ത് നാട്ടുകാര്‍ തന്നെയാണ് മേഘമലൈ എന്നു വിളിക്കാൻ ആരംഭിച്ചത്. 1500 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഏലയ്ക്ക, കാപ്പി, തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഒരു ചെറിയ ഹിൽസ്റ്റേഷനാണിത്. നല്ല കാലാവസ്ഥയായതിനാല്‍ പ്രകൃതിയോട് ചേര്‍ന്ന് കുറച്ച് സമയം ചെലവഴിക്കാനും പറ്റിയ സ്ഥലമാണിത്.

അടിവാരത്തിൽ നിന്ന് മേഘമലയിലേക്ക്

മേഘമലയിലേക്കുള്ള റൂട്ടുകളെല്ലാം വന്നു നിൽക്കുന്നത് ചിന്നമണ്ണൂർ എന്ന സ്ഥലത്താണ്. ഇവിടെ നിന്നുമാണ് മേഘമലയുടെ ഉയരങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. മേഘമലയുടെ അടിവാരം എന്നു വേണമെങ്കിൽ വികസനം ഒന്നും അധികം എത്താത്ത, തമിഴ് ഗ്രാമങ്ങളുടെ നേർപ്പതിപ്പായ ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. ചിന്നമണ്ണൂരിൽ നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഇവിടെ നിന്നും നാലുമണിക്കുള്ള ആദ്യ ബസ് ഒഴികെ മറ്റൊരു ബസും പ്രത്യേക സമയക്രമം പാലിക്കാത്തതിനാൽ സ്വന്തമായി വണ്ടിയെടുത്ത് ഇവിടെ വരുകയായിരിക്കും നല്ലത്.

ചിന്നമണ്ണൂരിൽ നിന്നും മേഘമലയിലേക്കുള്ള യാത്ര 18 വളവുകളിലൂടെയാണ് മുന്നേറുന്നത്. കുറിഞ്ഞിപ്പൂവിന്റെ പേരിൽ തുടങ്ങി മുല്ല, തുമ്പ, വാക, പിച്ചി, കൂവളം, മല്ലിക താമര വരെയുണ്ട് ഇവിടുത്തെ കൊടും വളവുകൾക്ക് പേരായി.

ഡാമുകളുടെ നാട്

ചെറിയ മലയോര ഗ്രാമമാണ് മേഘമലയെങ്കിലും അവിടെ 6 ഡാമുകളും എണ്ണമറ്റ വെള്ളച്ചാട്ടങ്ങളുമുണ്ട്. മേഘമലൈ ടൈഗര്‍ റിസേര്‍വ്, ഹൈവേവി ഡാം, മേഘമല വ്യൂപോയിന്റ്, മനലാര്‍ ഡാം, സുരുലി വെള്ളച്ചാട്ടം, ഇരവംഗലാര്‍ ഡാം, മഹാരാജ മേട്ടു എന്നിവയെല്ലാം ഇവിടെയെത്തിയാല്‍ ചുറ്റിക്കറങ്ങി ആസ്വദിക്കാം. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഡ്രൈവ് ആരെയും ആകർഷിക്കുന്നതാണ്.

ട്രെക്കിങ്,മലകയറ്റം, പക്ഷി നിരീക്ഷണം, വന്യജീവി സങ്കേതത്തിലെ സന്ദര്‍ശനം എന്നിവയെല്ലാം മേഘമല നമുക്കായി ഒരുക്കിവെച്ചിട്ടുണ്ട്. തേയില, കാപ്പി തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഹൈവേവി ഡാം മേഘമലയിലെ മറ്റൊരു ആകർഷണമാണ്. ഏകാന്തത ചെലവഴിക്കാന്‍ മേഘമലയിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ഈ ഡാമിന് ചുറ്റുമുള്ള ശാന്തമായ തടാകവും പര്‍വതനിരകളും. മഴക്കാലത്ത്,നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗംഭീരമായ ജലപ്രവാഹത്തിന് ഇവിടെ സാക്ഷ്യം വഹിക്കാം. കൂടാതെ, ഡാമിലേക്ക് നയിക്കുന്ന റോഡിന്റെ ഇരുകരകളിലുമുള്ള മനോഹരമായ പര്‍വതങ്ങള്‍ ആരുടെയും മനസ്സ് കവർന്നെടുക്കും.

മഹാരാജാമേട് വ്യൂ പോയിന്റ്

മേഘമലയിലെത്തിയാൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മഹാരാജാമേട് വ്യൂ പോയിന്റ്. ഇവിടുത്തെ എസ്റ്റേറ്റ് റോഡിൽ കൂടി ഏഴെട്ടു കിലോമീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചാൽ വ്യൂ പോയിന്‍റിലെത്താം. വെണ്ണിയാർ ഡാമിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. താഴ്വാരത്തിന്റെ കാഴ്ചയാണ് ഇവിടെ നിന്നും കാണാൻ സാധിക്കുക. ഇതിന്റെ തൊട്ടു മുകളിൽ മഹാരാജയമ്മൻ കോവിലും ഇരവങ്കലാർ ഡാമുമുള്ളത്.

മേഘമലൈ വെള്ളച്ചാട്ടം

ചിന്ന സുരുളി വെള്ളച്ചാട്ടമാണ് മേഘമലൈ വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. മേഘമലയിലെ കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന സുരുളി നദിയാണ് സുരുളി വെള്ളച്ചാട്ടത്തിന്റെ കേന്ദ്രം. ഇത് ക്ലൗഡ് ലാന്‍ഡ് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു.190 അടി ഉയരത്തില്‍ നിന്ന് താഴേയ്ക്ക് പതിയ്ക്കുന്ന ഈ വെള്ളച്ചാട്ടം രണ്ട് തലങ്ങളുള്ളതാണ്.തിരക്കേറിയ സീസണില്‍, വെള്ളി നിറത്തിലുള്ള മേഘങ്ങള്‍ക്കിടയിലെ അതിമനോഹരമായി കാണുന്ന ഈ വെള്ളച്ചാട്ടം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

അനുയോജ്യമായ സീസൺ

ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള ശൈത്യകാലവും വേനല്‍ക്കാലവുമാണ് മേഘമല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മണ്ണിടിച്ചിലും റോഡ് തടസ്സവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മഴക്കാലത്ത് ഇവിടം സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top