അമിത ജാഗ്രത വിനയായി; ഇന്ത്യൻ വനിതകളെ തകർത്ത് ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ജയവുമായി ഇംഗ്ലണ്ട്. 8 വിക്കറ്റിനാണ് നിലവിലെ ലോക ചാമ്പ്യന്മാരുടെ വിജയം. ഇന്ത്യ മുന്നോട്ടുവച്ച 202 റൺസിൻ്റെ വിജയലക്ഷ്യം 34.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 87 റൺസെടുത്ത് പുറത്താവാതെ നിന്ന ഓപ്പണർ തമി ബ്യൂമൊണ്ട് ആണ് ഇംഗ്ലണ്ടിൻ്റെ വിജയശില്പി. നതാലി സിവർ 74 റൺസെടുത്ത് പുറത്താവാതെ നിന്നു. ബൗളിംഗിൽ 3 വിക്കറ്റ് വീഴ്ത്തിയ സോഫി എക്ലസ്റ്റണും തിളങ്ങി.
8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 201 റൺസ് നേടിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറിൽ തന്നെ അരങ്ങേറ്റ താരം ഷഫാലി വർമ്മയെ നഷ്ടമായി. മൂന്ന് ബൗണ്ടറികളുമായി വേഗത്തിൽ സ്കോർ ചെയ്ത ഷഫാലിയെ (15) കാതറിൻ ബ്രണ്ട് ആന്യ ശ്രബ്സോളിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ആദ്യ വിക്കറ്റ് വീണതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഷഫാലി പുറത്താവുമ്പോൾ 23 ആയിരുന്നു ഇന്ത്യയുടെ ടോട്ടൽ. 10ആം ഓവറിൽ സ്മൃതി മന്ദന ശ്രബ്സോളിൻ്റെ പന്തിൽ ക്ലീൻ ബൗൾഡാവുമ്പോൾ ഈ ടോട്ടലിനോട് വെറും 4 റൺസ് കൂടി കൂട്ടിച്ചേർക്കാനേ ഇന്ത്യക്ക് സാധിച്ചുള്ളൂ. 25 പന്തിൽ 10 റൺസെടുത്താണ് സ്മൃതി പുറത്തായത്.
മൂന്നാം വിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങളായ പൂനം റാവത്തും മിതാലി രാജും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഈ റൺസ് സ്കോർ ചെയ്യാൻ 15 ഓവർ എടുത്തു എന്നത് ഇന്ത്യയെ പിന്നോട്ടടിച്ചു. 26ആം ഓവറിൽ പൂനം റാവത്തിനെ (32) പുറത്താക്കിയ കേറ്റ് ക്രോസ് ഈ കൂട്ടുകെട്ട് പൊളിച്ചു. 61 പന്തുകൾ നേരിട്ട പൂനത്തിനെ എക്ലസ്റ്റൺ പിടികൂടുകയായിരുന്നു. ഹർമൻപ്രീത് കൗർ (1) വേഗം മടങ്ങി. എക്ലസ്റ്റണായിരുന്നു വിക്കറ്റ്. അഞ്ചാം വിക്കറ്റിൽ ദീപ്തി ശർമ്മ മിതാലിക്കൊപ്പം ചേർന്നതോടെയാണ് ഇന്ത്യൻ സ്കോർ ഉയർന്നത്. ഇരുവരും ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തു. 30 റൺസെടുത്ത ദീപ്തിയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ശ്രബ്സോൾ ഈ കൂട്ടുകെട്ട് പൊളിച്ചു. ഏറെ വൈകാതെ മിതാലിയും (72) പുറത്താക്കി. ഇന്ത്യൻ ക്യാപ്റ്റനെ എക്ലസ്റ്റൺ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. പൂജ വസ്ട്രാക്കറെ (15) പുറത്താക്കി എക്ലസ്റ്റൺ വിക്കറ്റ് വേട്ട പൂർത്തിയാക്കി. തനിയ ഭാട്ടിയ (7) കാതറിൻ ബ്രണ്ടിനു മുന്നിൽ വീണു. ശിഖ പാണ്ഡെ (3), ഝുലൻ ഗോസ്വാമി (1) എന്നിവർ പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് അനായാസമാണ് ഇന്ത്യൻ ബൗളർമാരെ നേരിട്ടത്. അഞ്ചാം ഓവറിൽ ലോറൻ വിൻഫീൽഡ്-ഹില്ലിനെ (16) തനിയ ഭാട്ടിയയുടെ കൈകളിലെത്തിച്ച ഗോസ്വാമി ഇന്ത്യക്ക് ബ്രേക്ക്‌ത്രൂ നൽകിയെങ്കിലും അപാര ഫോമിലുള്ള തമി ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഇന്നിംഗ്സിൽ പലപ്പോഴും 100നു മുകളിൽ സ്ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിച്ച താരം വളരെ അനായാസമാണ് ബാറ്റ് വീശിയത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ഹെതർ നൈറ്റുമൊത്ത് 59 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ തമി, ഹെതറിനെ (18) ഏക്ത ബിശ്റ്റ് ക്ലീൻ ബൗൾഡാക്കിയതോടെ നതാലി സിവറിൽ മികച്ച പങ്കാളിയെ കണ്ടെത്തി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അപരാജിതമായ 119 റൺസാണ് കൂട്ടിച്ചേർത്തത്.
Story Highlights: eng w won against ind w
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here