Advertisement

വേഗം കൂടേണ്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ്

June 28, 2021
Google News 2 minutes Read
indian women cricket analysis

വനിതാ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെ ഉയരുന്ന ഒരു വിമർശനമാണ് മെല്ലെപ്പോക്ക്. ഏകദിനങ്ങളിൽ 200 മുതൽ 230 വരെയുള്ള ടീം ടോട്ടൽ ഭേദപ്പെട്ടത് എന്ന് പരിഗണിക്കപ്പെടുന്ന മേഖലയാണ് (ആയിരുന്നു) വനിതാ ക്രിക്കറ്റ്. അതുകൊണ്ട് തന്നെ ഏകദിന മത്സരങ്ങൾ വിരസമാവുമെന്നത് നിശ്ചയം. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി വനിതാ ക്രിക്കറ്റ് അല്പം കൂടി വേഗം കൈവരിക്കുന്നുണ്ട്. വനിതാ ക്രിക്കറ്റിനു ലഭിക്കുന്ന സ്വീകാര്യതയും ടി-20 ലീഗുകളുമൊക്കെ ഈ വേഗതയിൽ വലിയ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. എന്നാൽ, ഇപ്പോഴും സേന രാജ്യങ്ങൾക്കപ്പുറത്തേക്ക് ഈ വേഗത എത്തുന്നില്ലെന്നത് ഗൗരവകരമായ സംഗതിയാണ്. സേന രാജ്യങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ കഴിവുള്ള മികച്ച ടീമായ ഇന്ത്യക്ക് പോലും ഈ വേഗം അഡാപ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ ടീമിലെ പഴയ തലമുറയിൽ പെട്ട പലരും ഇങ്ങനെ മെല്ലെപ്പോക്കുകാരാണ്. പഴയ തലമുറ എന്ന് പറയുമ്പോൾ, മിതാലിക്കൊപ്പം പൂനം റാവത്തും ഹർമൻപ്രീത് കൗറും മാത്രമേ ബാറ്റർമാരായി ഇപ്പോൾ കളിക്കുന്നുള്ളൂ. ഇതിൽ ഹർമ്മനാണ് സ്ട്രൈക്ക് റേറ്റിൽ ഭേദപ്പെട്ട് നിൽക്കുന്നത്. 70നടുത്താണ് ഹർമ്മൻ്റെ സ്ട്രൈക്ക് റേറ്റ്. ആദ്യ ഘട്ടത്തിൽ പന്തുകൾ നഷ്ടപ്പെടുത്തിയാലും ഇന്നിംഗ്സ് പുരോഗമിക്കുമ്പോൾ അതൊക്കെ നികത്താൻ കഴിവുള്ള താരമെന്ന നിലയിൽ ഹർമ്മനെ ചർച്ച ചെയ്യേണ്ട കാര്യമില്ല. അടുത്തയാൾ പൂനം റാവത്താണ്. 58 ആണ് പൂനമിൻ്റെ സ്ട്രൈക്ക് റേറ്റ്. ഇത് അത്ര മികച്ച കണക്കല്ല. ഇന്ത്യൻ ടീം ക്യാപ്റ്റൻ മിതാലി രാജിൻ്റെ ഏകദിന സ്ട്രൈക്ക് റേറ്റ് 51.21 ആണ്. അതായത് 100 പന്തുകൾ നേരിടുമ്പോഴാണ് മിതാലി 50 റൺസ് നേടുന്നത്. അഞ്ചോ ആറോ വർഷം മുൻപ് വരെ ആ സ്ട്രൈക്ക് റേറ്റ് സുരക്ഷിതമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ലോക വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന് നിസ്സംശയം പറയാൻ കഴിയുമെങ്കിലും മിതാലി കളിശൈലി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ക്രീസിൽ എങ്ങനെയും തുടരുക എന്നതിനപ്പുറം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യൽ എന്നത് വളരെ നിർണായകമായ സംഗതിയാണ്. ടീമിലെ ഏറ്റവും എക്സ്പീരിയൻസ്ഡായ രണ്ട് താരങ്ങൾ -മിതാലിയും പൂനവും- 50-60 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുമ്പോൾ ടീമിനെ ടോട്ടലിനെ അത് സാരമായി ബാധിക്കും. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ 56 റൺസ് കൂട്ടുകെട്ടുയർത്താൻ ഇവർക്ക് വേണ്ടിവന്നത് 15 ഓവറാണ്. മറുവശത്ത് ഇംഗ്ലണ്ടിലെ രണ്ട് ബാറ്റർമാരും സ്കോർ ചെയ്തത് 100 സ്ട്രൈക്ക് റേറ്റിൽ!

പുതു തലമുറയിൽ ഷഫാലി വർമ്മയെ മാറ്റിനിർത്താം. ടി-20 മറ്റാരും കളിക്കാത്തതു പോലെയും ഏകദിനം ടി-20 പോലെയും കളിക്കുന്ന ഷഫാലി വല്ലപ്പോഴും മാത്രമുള്ള ഒരു കണ്ടെത്തലാണ്. ഷഫാലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്ന സ്മൃതി മന്ദനയുടെ സ്ട്രൈക്ക് റേറ്റ് 85. മറ്റൊരു ഓപ്പണർ പ്രിയ പുനിയയുടേത് 60. യുവ താരം ജമീമ റോഡ്രിഗസ്- 72, ഓൾറൗണ്ടർ ദീപ്തി ശർമ്മ- 64, വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയ- 75, വേദ കൃഷ്ണമൂർത്തി-77. ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമായ താരങ്ങളുടെ മാത്രം സ്ട്രൈക്ക് റേറ്റാണിത്. പ്രിയ പുനിയയെ മാറ്റി നിർത്തിയാൽ മറ്റ് താരങ്ങളെല്ലാം ഭേദപ്പെട്ട രീതിയിൽ പന്തിനെ പ്രഹരിക്കുന്ന താരങ്ങളാണ്. ഇത് പ്രതീക്ഷ നൽകുന്ന ഘടകമാണ്. റിച്ച ഘോഷ്, ഹർലീൻ ഡിയോൾ, ഡയലൻ ഹേമതല തുടങ്ങിയ യുവതാരങ്ങൾ പുറത്തുണ്ട്. സീനിയർ താരങ്ങൾ മെച്ചപ്പെട്ട സ്ട്രൈക്ക് റേറ്റിൽ കളിക്കുക എന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ഏറ്റവും സുപ്രധാന ആവശ്യമാണ്. ആദ്യ മത്സരത്തിനു ശേഷം മിതാലി രാജ് അത് തുറന്നുപറഞ്ഞതുകൊണ്ട് തന്നെ മാറ്റം വരുമെന്ന് കരുതാം.

Story Highlights: indian women cricket analysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here