23
Jul 2021
Friday

കൊവിഡിന് മുന്നില്‍ ചൈന അടിപതറാതെ നിന്നു; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആശംസയുമായി എ വിജയരാഘവൻ

നൂറാം വാര്‍ഷികത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിവാദ്യങ്ങളുമായി സി.പി.ഐ.എം. ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കൊവിഡിന് മുന്നില്‍ ലോകം പോരടിച്ചപ്പോൾ അടിപതറാതെ നിന്ന് നേരിട്ട് മഹാമാരിയെ പരാജയപ്പെടുത്തിയ ചൈനീസ് ജനകീയ ഭരണകൂടത്തിന്റെ രീതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ലോകത്താകമാനം തൊഴിലാളി വര്‍ഗ്ഗം നടത്തുന്ന ചെറുതും വലുതുമായ സമരങ്ങള്‍ക്കും സാമ്രാജ്യത്വ-മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങള്‍ക്കും ചൈനയുടെ സാന്നിധ്യം നല്‍കുന്ന ഊര്‍ജ്ജം വളരെ വലുതാണെന്നും വിജയരാഘവന്‍ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റ്;

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി രൂപീകരിച്ചിട്ട് ഇന്ന് നൂറ് വർഷങ്ങൾ പൂർത്തിയാവുകയാണ്. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 1949ൽ സ. മാവോയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർടി അധികാരത്തിൽ ഏറുമ്പോൾ അങ്ങേയറ്റം ദാരിദ്രമായ ജനതയായിരുന്നു ചൈനയിലേത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായും ശാസ്ത്ര സാങ്കേതിക രംഗത്ത് പകരം വയ്ക്കാൻ സാധിക്കാത്ത വിധം നേട്ടങ്ങൾ കൊയ്തും മെച്ചപ്പെട്ട ജീവിത പശ്ചാത്തലമുള്ള സമൂഹമായും ചൈന വളരുമ്പോൾ അത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി പിന്തുടർന്ന സോഷ്യലിസ്റ്റ് വികസന പാതയുടെ ശരിമയാണ് കാണിക്കുന്നത്.

കൊവിഡിന് മുന്നിൽ ലോകം മുഴുവൻ പോരടിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള രാജ്യമായിട്ടുകൂടി അടിപതറാതെ നിന്ന് നേരിട്ട് മഹാമാരിയെ പരാജയപ്പെടുത്തിയ ചൈനീസ് ജനകീയ ഭരണകൂടത്തിന്റെ രീതി മാതൃകാപരമാണ്. വ്യാജ പ്രചരണങ്ങൾ കൊണ്ട് പടിഞ്ഞാറൻ മാധ്യമങ്ങൾ കാലങ്ങളായി നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്ന ചൈനീസ് വിരുദ്ധ പൊതുബോധത്തിൽപ്പെടാതെ, പ്രതിസന്ധികളിൽ എങ്ങനെയാണ് ആ ഭരണകൂടം തങ്ങളുടെ ജനതയെ ചേർത്ത് പിടിച്ചതെന്ന് നാം മനസിലാക്കേണ്ടതാണ്. ഇന്ന് ലോകത്താകമാനം തൊഴിലാളി വർഗ്ഗം നടത്തുന്ന ചെറുതും വലുതുമായ സമരങ്ങൾക്കും സാമ്രാജ്യത്വ-മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങൾക്കും ചൈനയുടെ സാന്നിദ്ധ്യം നൽകുന്ന ഊർജ്ജം വളരെ വലുതാണ്.

സാമ്പത്തിക രംഗത്ത് പലവിധ പരീക്ഷണങ്ങൾ നടത്തുമ്പോഴും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ലോക വീക്ഷണത്തിൽ നിന്നോ കമ്മ്യൂണിസ്റ്റ് പാർടിയുടെ അടിസ്ഥാന സംഘടനാ തത്വങ്ങളിൽ നിന്നോ കടുകിട മാറുന്നില്ല എന്നത് തന്നെയാണ് ചൈനയുടെ വിജയ രഹസ്യം. അതാണ് ലോകത്താകമാനമുള്ള തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെ പ്രചാരകന്മാർ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികത്തിൽ പഠിച്ചെടുക്കേണ്ട പ്രധാനപാഠം.

ആദ്യ നൂറു വർഷം കൊണ്ട് ചൈനയുടെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്ത് ചൈനീസ് സമൂഹത്തെ ഒരുവിധം സമൃദ്ധിയുള്ള സമൂഹമാക്കി മാറ്റാൻ (moderately prosperous) കഴിഞ്ഞെന്നും അടുത്ത നൂറു വർഷത്തിനുള്ളിൽ ചൈനയെ മഹത്തായ ആധുനിക സോഷ്യലിസ്റ്റ് (great modern socialist) രാജ്യമാക്കി മാറ്റുമെന്നുമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നൂറാം വാർഷികാഘോഷ വേളയിൽ പറഞ്ഞത്. ആവേശകരമാണ് ആ വാക്കുകൾ.
സിപിസിക്ക് അഭിവാദ്യങ്ങൾ

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top