‘അമേരിക്കൻ നിയമം മുൻ നിർത്തി ഇന്ത്യൻ നിയമം പാലിക്കില്ലെന്ന് പറയാൻ ട്വിറ്ററിന് അധികാരമില്ല’: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
അമേരിക്കൻ നിയമം മുൻ നിർത്തി ഇന്ത്യൻ നിയമം പാലിക്കില്ലെന്ന് പറയാൻ ട്വിറ്ററിന് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ. അമേരിക്കൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പൗരൻമാരെ നിയന്ത്രിക്കാൻ ട്വിറ്ററിന് കഴിയില്ലെന്ന് ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
അമേരിക്കൻ നിയമത്തെ മുൻ നിർത്തി ഇന്ത്യയുടെ ഐ.ടി ഭേഭഗതിയിലെ ചട്ടങ്ങളെ വിവരിക്കാനുള്ള ട്വിറ്ററിന്റെ നീക്കവും കേന്ദ്രസർക്കാർ അംഗീകരിക്കില്ലെന്നും രവിശങ്കർ പ്രസാദ് അറിയിച്ചു. ഇന്ത്യൻ നിയമത്തിന്റെ ഉദ്ദേശത്തെ പൂർണമായി ഉൾക്കൊള്ളുന്ന നടപടികൾ ട്വിറ്റർ നിർബന്ധമായും സ്വീകരിക്കണമെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയിൽ നിന്നുള്ള പരാതികളുടെ കണക്ക് ഗൂഗിൾ പുറത്ത് വിട്ടു. പരാതിപരിഹാര നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ആദ്യമായാണ് ഗൂഗിൾ പ്രതിമാസ റിപ്പോർട്ട് തയ്യാറാക്കിയത്. ഏപ്രിൽ ഒന്നു മുതൽ 30 വരെ 27,762 പരാതികൾ ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വ്യക്തികളിൽ നിന്നുള്ളവയാണ് ഇവ. 96.2% പരാതികളും പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ടതാണ്. ട്രേഡ് മാർക്ക് ലംഘനവുമായി ബന്ധപ്പെട്ട് 1.3% പരാതികൾ ലഭിച്ചു. ഒരുശതമാനം മാത്രമാണ് മാനനഷ്ടവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി. പരാതികളുടെ അടിസ്ഥാനത്തിൽ 59,350 ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി ഗൂഗിൾ വ്യക്തമാക്കി.
Story Highlights: Ravi shankar prasad, Twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here