ഏജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ഏജീസ് ഓഫിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വഞ്ചിയൂർ സ്വദേശി രാകേഷ്, പേട്ട സ്വദേശി പ്രവീൺ, മെഡിക്കൽ കോളജ് സ്വദേശി ഷിബു, നെടുമങ്ങാട് സ്വദേശി അഭിജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാകേഷും പ്രവീണുമാണ് ഉദ്യോഗസ്ഥരുടെ ഭാര്യമാരെ ശല്യചെയ്യുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തത്. മറ്റു രണ്ടുപേർ ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരാണെന്നും സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഞായറാഴ്ചയാണ് ഏജീസ് ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. സീനിയർ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എൻട്രി ഓഫിസർ ജസ്വന്ത് എന്നിവർക്കാണ് പരുക്കേറ്റത്. കുടുംബത്തോടൊപ്പം നടക്കാനിറങ്ങിയപ്പോളാണ് ഇരുവർക്കും നേരെ ആക്രമണം നടന്നത്. സ്ത്രീകളെ കടന്നുപിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്നും ഇവർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും അക്രമികളെ പിടികൂടാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
Story Highlights: AG’s office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here