മോഷണ ശ്രമത്തിനിടെ അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച് മോഷ്ടാക്കൾ

മോഷണ ശ്രമത്തിനിടെ അതിഥി തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച് മോഷ്ടാക്കൾ. കോഴിക്കോട് എളയേറ്റിൽ വട്ടോളിയിലാണ് ബിഹാർ സ്വദേശി അലി അക്ബറിനെ വലിച്ചിഴച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിയരികിൽ നിൽക്കുകയായിരുന്ന അലിയുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. ബൈക്കിൽ തൂങ്ങിക്കിടന്ന അലിയെ 100 മീറ്റർ ദൂരത്തോളമാണ് പ്രതികൾ കെട്ടിവലിച്ചു.
ബൈക്കിൽ വന്ന രണ്ടംഗ സംഘം റോഡിൽ നിൽക്കുകയായിരുന്ന അലി അക്ബറിനോട്, ‘ഒരു കോൾ വിളിക്കാനാണ്, മൊബൈൽ ഫോൺ തരുമോ’ എന്ന് അഭ്യർത്ഥിച്ചു. അലി മൊബൈൽ ഫോൺ ഇയാൾക്ക് നൽകി. മോഷ്ടാവ് നമ്പർ ഡയൽ ചെയ്ത് ഫോൺ വിളിക്കുന്നതായി അഭിനയിച്ചു. ഈ സമയം തന്നെ അവർ ബൈക്ക് മുന്നോട്ടെടുത്തു. ബൈക്കിൽ പിടിച്ച് നിൽക്കുകയായിരുന്ന അലി കൈവിട്ടില്ല. ഇതോടെ ഇയാളെയും വലിച്ചുകൊണ്ട് മോഷ്ടാക്കൾ ബൈക്ക് ഓടിക്കുകയായിരുന്നു. ദൃശ്യങ്ങൾ കണ്ട നാട്ടുകാർ ബൈക്കിനെ പിന്തുടർന്നു. ഇതിനിടെ ബൈക്കിനു പിന്നിൽ ഇരുന്നയാൾക്കൊപ്പം മൊബൈൽ ഫോണും റോഡിലേക്ക് വീണു. നിലത്തുവീണയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
സംഭവത്തിൽ കൊടുവള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെപ്പറ്റി സൂചന ലഭിച്ചു എന്ന് പൊലീസ് പറയുന്നു. പ്രദേശവാസികൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അലി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെങ്കിലും റോഡിലൂടെ വലിച്ചിഴച്ചതിനാൽ ശരീരത്തിലെ തൊലി പോയിട്ടുണ്ട്.
Story Highlights: attack against migrant worker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here