യൂറോ കപ്പ്: ബെൽജിയവും ഇറ്റലിയും നേർക്കുനേർ; ക്വാർട്ടറിൽ ഇന്ന് തീപാറും

യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻ പോരാട്ടം. കിരീടസാധ്യത കല്പിക്കപ്പെടുന്ന ബെൽജിയവും ഇറ്റലിയും തമ്മിലാണ് ഇന്ന് മത്സരം. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിൻ്റെ ഹോം ഗ്രൗണ്ട് അലിയൻസ് അരീനയിലാണ് മത്സരം. ഇരു ടീമുകളും അതാത് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ എത്തുകയും ഒരു ഗോൾ വ്യത്യാസത്തിൽ എതിരാളികളെ കീഴടക്കി ക്വാർട്ടർ സീറ്റ് ബുക്ക് ചെയ്തവരുമാണ്. ബെൽജിയം പോർച്ചുഗലിനെ കീഴടക്കിയപ്പോൾ ഇറ്റലി ഓസ്ട്രിയയുടെ കടുത്ത വെല്ലുവിളി അതിജീവിക്കുകയായിരുന്നു.
ലോക ഒന്നാം നമ്പർ ടീമായ ബെൽജിയവും 31 മത്സരങ്ങളായി തോൽവി അറിയാതെ കുതിയ്ക്കുന്ന ഇറ്റലിയും പരസ്പരം കൊമ്പുകോർക്കുമ്പോൾ ടൂർണമെൻ്റിലെ തന്നെ ഏറ്റവും ഗ്ലാമറസ് പോരാട്ടത്തിനാണ് ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിൻ്റെ ഹോം ഗ്രൗണ്ട് അലിയൻസ് അരീന സാക്ഷ്യം വഹിക്കുക.
രണ്ട് സൂപ്പർ താരങ്ങൾ ഇല്ലാതെയാവും ഇന്ന് ബെൽജിയം ഇറങ്ങുക. മിഡ്ഫീൽഡ് എഞ്ചിൻ കെവിൻ ഡിബ്രുയിനെയും എയ്ഡൻ ഹസാർഡും പോർച്ചുഗലിനെതിരായ പ്രീക്വാർട്ടറിൽ പരുക്കേറ്റ് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ഇന്ന് കളിക്കുമോ എന്ന് ഉറപ്പില്ല. ഹസാർഡും ഡി ബ്രുയ്നെയും കളിക്കാൻ ഇറങ്ങിയില്ലെങ്കിൽ അത് ബെൽജിയത്തിന് കനത്ത തിരിച്ചടിയാവും. ഇറ്റാലിയൻ നിരയിൽ പരുക്ക് ഭീഷണിയില്ല. അതുകൊണ്ട് തന്നെ കരുത്തുറ്റ സ്ക്വാഡിനെയാവും പരിശീലകൻ റോബർട്ടോ മാൻസീനി കളത്തിലിറക്കുക.
പ്രധാന ടൂർണമെൻ്റുകളിൽ ഇതിനു മുൻപ് നാല് തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്കായില്ല. മൂന്ന് മത്സരങ്ങളിൽ ഇറ്റലി വിജയിച്ചപ്പോൾ ഒരെണ്ണം സമനില ആയി.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ സ്പെയിൻ സ്വിറ്റ്സർലൻഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30ന് റഷ്യയിലെ ഗാസ്പ്രോം അരീനയിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സ്ലോവാക്യയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് മുക്കിയ സ്പെയിൻ പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ക്വാർട്ടറിലെത്തിയത്. സ്വിറ്റ്സർലൻഡ് ആവട്ടെ, ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച് ക്വാർട്ടർ പ്രവേശനം നേടിയ ടീമാണ്.
ഫ്രാൻസിനെതിരെ കളം നിറഞ്ഞുകളിച്ച് വിജയശില്പിയായ ക്യാപ്റ്റൻ ഗ്രാനിക് സാക്ക ഇന്ന് സ്പെയിനെതിരെ കളിക്കില്ലെന്നത് സ്വിറ്റ്സർലൻഡിന് വലിയ തിരിച്ചടിയാണ്. ഇത് മുതലെടുത്ത് സെമി ഉറപ്പിക്കാനാവും സ്പെയിൻ്റെ ശ്രമം.
22 തവണ സ്വിറ്റ്സർലൻഡുമായി ഏറ്റുമുട്ടിയ സ്പെയിൻ ഒരേയൊരു തവണ മാത്രമാണ് പരാജയപ്പെട്ടത്. 16 മത്സരങ്ങളിൽ സ്പെയിൻ വിജയിച്ചു.
Story Highlights: euro cup quarter matches starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here