യൂറോ കപ്പ്: ജൈത്രയാത്ര തുടർന്ന് അസൂറിപ്പട; സ്പെയിനെതിരെ ഷൂട്ടൗട്ടിൽ വീണ് സ്വിറ്റ്സർലൻഡ്

യൂറോ കപ്പിലെ ക്വാർട്ടർ മത്സരങ്ങളിൽ ഇറ്റലിക്കും സ്പെയിനും ജയം. ഇറ്റലി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെൽജിയത്തെ മറികടന്നപ്പോൾ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 10 പേരുമായി പൊരുതിയ സ്വിറ്റ്സർലൻഡിനെ കീഴടക്കിയാണ് സ്പെയിൻ സെമിയിലേക്ക് ടിക്കറ്റെടുത്തത്.
ടൂർണമെൻ്റ് ഫേവരിറ്റുകളായ ബെൽജിയവും ഇറ്റലിയും തമ്മിൽ നടന്ന മത്സരം പ്രതീക്ഷിച്ചതു പോലെ ആവേശകരമായിരുന്നു. ഇരു ടീമുകളും തുടക്കം മുതൽ ആക്രമണം കാഴ്ചവച്ചപ്പോൾ ഇരു ഭാഗത്തേക്കും പന്ത് എത്തി. 13ആം മിനിറ്റിൽ ബൊണൂച്ചി കോർട്ട്വായെ കീഴടക്കിയെങ്കിലും വാറിൽ ഗോൾ ഓഫ്സൈഡ് എന്ന് വിധിക്കപ്പെട്ടു. ഇതിനു ശേഷം ബെൽജിയത്തിൻ്റെ രണ്ട് ഷോട്ടുകൾക്ക് ഇറ്റാലിയൻ ഗോൾകീപ്പർ ഡൊണ്ണരുമ്മയെ കീഴടക്കാനായില്ല. 31ആം മിനിട്ടിൽ ഇറ്റലിയുടെ ആദ്യ ഗോൾ വന്നു. പെനൽറ്റി ബോക്സിനു പുറത്തു നിന്ന് വെർതൊങ്കെനിൽ നിന്ന് പന്ത് തട്ടിയെടുത്ത മാർക്കോ വെറാറ്റി നൽകിയ അസിസ്റ്റിൽ നിന്ന് നിക്കോളോ ബരേല്ല കോർട്ട്വായെ കീഴടക്കുകയായിരുന്നു. തുടർച്ചയായ അറ്റാക്കുകൾക്കൊടുവിൽ, 44ആം മിനിട്ടിൽ ഇറ്റലി ലീഡ് വർധിപ്പിച്ചു. ഒരു സോളോ എഫർട്ടിൽ നിന്ന് ലോറൻസോ ഇൻസീന്യ ബോക്സിനു പുറത്തുനിന്നെടുത്ത ഗംഭീര ഷോട്ട് ഗോൾ വല തുളയ്ക്കുകയായിരുന്നു. അടുത്ത മിനിട്ടിൽ ബെൽജിയത്തിന് പെനൽറ്റി. 19കാരൻ ഡോകുവിനെ ഡി ലൊറേൻസോ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി ലുക്കാക്കു അനായാസം വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ ബെൽജിയം ആണ് കൂടുതൽ ആക്രമണങ്ങൾ നടത്തിയത്. പരുക്കേറ്റ ഏഡൻ ഹസാർഡിനു പകരം എത്തിയ ഡോകു ഇറ്റാലിയൻ നിരയിൽ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു. മികച്ച പന്തടക്കവും വേഗതയും കാഴ്ചവച്ച താരം പലപ്പൊഴും ഇറ്റാലിയൻ പ്രതിരോധത്തെ പരീക്ഷിച്ചു. നിരവധി അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ബെൽജിയത്തിന് പിന്നീട് സ്കോർ ചെയ്യാനായില്ല.
ഫ്രാൻസിനെതിരായ പ്രീക്വാർട്ടറിലെ വിജയശില്പി സാക്കയില്ലാതെയാണ് ഇറങ്ങിയതെങ്കിലും സ്വിറ്റ്സർലൻഡിൻ്റെ പോരാട്ടവീര്യത്തിനു കുറവില്ലായിരുന്നു. 77ആം മിനിട്ടിൽ 10 പേരായി ചുരുങ്ങിയ അവർ കളി ഷൂട്ടൗട്ട് വരെ എത്തിച്ചു. 8ആം മിനിട്ടിൽ തന്നെ സ്പെയിൻ ഗോളടിച്ചു. ബോക്സിനു പുറത്തുനിന്ന് ജോർഡി ആൽബ എടുത്ത ഒരു ഷോട്ട് മധ്യനിര താരം ഡെനിസ് സക്കരിയയുടെ കാലിൽ തട്ടി ഗോൾവല കളക്കുകയായിരുന്നു. ആ ഒരു പന്താണ് ഇന്നലെ സ്വിസ് ഗോളി യാൻ സോമ്മറെ കീഴടക്കിയത്. പിന്നീടുള്ള 112 മിനിട്ടുകൾ സോമ്മർ സ്പെയിനു മുന്നിൽ ചിറകുവിരിച്ച് നിന്നു. 10 സേവുകളാണ് ഇന്നലെ താരം നടത്തിയത്. പോയിൻ്റ് ബ്ലാങ്ക് സേവുകളും ഫുൾ ലെംഗ്ത് ഡൈവുകളുമൊക്കെയായി സോമ്മർ സ്വിറ്റ്സർലൻഡിനെയാകെ പൊതിഞ്ഞുപിടിച്ചപ്പോൾ അത് ഈ യൂറോകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പിംഗ് പ്രകടനമായി.
68ആം മിനിട്ടിൽ സർദാൻ ഷക്കീരി സ്വിറ്റ്സർലൻഡിൻ്റെ സമനില ഗോൾ നേടി. സ്പാനിഷ് പ്രതിരോധത്തിലെ പിഴവിൽ നിന്നായിരുന്നു ഷക്കീരിയുടെ ഗോൾ. പരസ്പരം ആക്രമണങ്ങൾ കൊഴുക്കവേ 77ആം മിനിട്ടിൽ സ്വിസ് താരം റെമോ ഫ്യൂലർ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയി. ഇത് മുതലെടുത്ത് തുടർ ആക്രമണങ്ങളുമായി സ്പെയിൻ സ്വിറ്റ്സർലൻഡ് ബോക്സിലേക്ക് ഇരച്ചുകയറിയെങ്കിലും സോമ്മറുടെ നിശ്ചയദാർഢ്യത്തെ കീഴടക്കാൻ അവർക്കായില്ല. അധികസമയത്ത് സ്പെയിൻ്റെ ഗോളെന്നുറപ്പിച്ച 5 ഷോട്ടുകളാണ് സോമ്മർ തട്ടിയകറ്റിയത്.
ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത സെർജിയോ ബുസ്കറ്റ്സ് അത് പാഴാക്കിയപ്പോൾ സ്വിറ്റ്സർലൻഡിനായി മാരിയോ ഗവ്രനോവിച് സ്കോർ ചെയ്തു. സ്പെയിൻ്റെ രണ്ടാം കിക്ക് ഡാനി ഒൽമോയും വലയിലെത്തിച്ചു. സ്വിറ്റ്സർലൻഡിൻ്റെ രണ്ടാം കിക്കെടുത്ത ഫാബിയൻ ഷാറിന് പിഴച്ചു. മൂന്നാം റൗണ്ടിൽ സ്പെയിൻ്റെ റോഡ്രിയുടെ കിക്ക് സോമ്മർ സേവ് ചെയ്തപ്പോൾ സ്വിറ്റ്സർലൻഡിൻ്റെ മാനുവൽ അകെഞ്ജിയുടെ കിക്ക് ഉനായ് സിമോണും തടഞ്ഞു. നാലാം കിക്കിൽ ഗെറാർഡ് മൊറീനോ സ്പെയിനായി സ്കോർ ചെയ്തു. എന്നാൽ റുബൻ വാർഗസിൻ്റെ കിക്ക് പുറത്തേക്ക് പോയി. സ്പെയിനായി അഞ്ചാം കിക്കെടുത്ത മൈക്കൽ ഒയർസബാൽ സ്കോർ ചെയ്തതോടെ സ്പെയിനു ജയം.
Story Highlights: euro cup italy and spain won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here