ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് കടത്ത് കേസില്‍ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് സ്പിരിറ്റ് കടത്തല്‍ കേസില്‍ ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിര്‍ത്തിവച്ച മദ്യ ഉത്പാദനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും.
സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് പേരില്‍ നാല് പേരും ഫാക്ടറി ജീവനക്കാരാണ്. ഇതില്‍ മൂന്നുപേര്‍ക്കെതിരെയാണ് നടപടി. ഫാക്ടറിയില്‍ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിച്ചിരുന്ന ക്ലര്‍ക്ക് അരുണ്‍ കുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്. കേസില്‍ അറസ്റ്റിലായിട്ടുള്ള പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജനറല്‍ മാനേജര്‍ അടക്കം മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം നടപടി നേരിട്ട മൂന്ന് പ്രതികളും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ജാമ്യത്തിനായി ശ്രമിക്കുന്നുവെന്നാണ് സൂചന.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റെ കെമിക്കല്‍സിലേക്ക് മധ്യപ്രദേശില്‍ നിന്ന് കൊണ്ടുവന്ന സ്പിരിറ്റില്‍ 20000 ലിറ്ററിലധികം മറിച്ചു വിറ്റെന്ന് കഴിഞ്ഞ ദിവസം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. 20,386 ലിറ്റര്‍ സ്പിരിറ്റ് മധ്യപ്രദേശിലെ സേന്തുവയില്‍ വച്ച് 98 ബാരലുകളിലേക്ക് മാറ്റിയാണ് വിറ്റത്. ഇങ്ങനെ ലഭിച്ച 10, 28,000 രൂപ ടാങ്കറില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തിരുന്നു. സ്പിരിറ്റ് ചോര്‍ത്തി വില്‍ക്കാന്‍ സഹായിച്ചത് മധ്യപ്രദേശ് സ്വദേശി അബു ആണ്. അതേസമയം ഇതിനുമുന്‍പും ഇത്തരത്തില്‍ സ്പിരിറ്റ് തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് അറസ്റ്റിലായ പ്രതികളില്‍ നിന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
Story Highlights: spirit smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here