ആർമി ബൂട്ട്‌സിന് പകരം വനിതാ സൈനികർ അണിയേണ്ടത് ഹൈ ഹീൽസ്; ഉക്രെയ്ൻ നടപടിക്കെതിരെ പ്രതിഷേധം ശക്തം

ആർമി ബൂട്ട്‌സിന് പകരം വനിതാ സൈനികർ ഹൈ ഹീൽസ് ധരിക്കണമെന്ന ഉക്രെയിൻ പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. അടുത്ത മാസം നടക്കാനിരിക്കുന്ന പരേഡിൽ സൈനിക ബൂട്ടിന് പകരം വനിതാ സൈനികർ ഹൈ ഹീൽസ് ധരിക്കണമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം നിരവധി വിമർശനങ്ങൾക്ക് കാരണമായി.
ഇത് സ്ത്രീ വിരുദ്ധതയാണെന്നാണ് പാർലമെൻറ് അംഗമായ ഐറിന ജെറാഷ്ചെങ്കോ സംഭവത്തിൽ പ്രതികരിച്ചത്.

ഓഗസ്റ്റ് 24 ന് നടക്കാനിരിക്കുന്ന മുപ്പതാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സൈനിക പരേഡ് നടത്താൻ ഒരുങ്ങുകയാണ് ഉക്രെയ്ൻ.
റെഗുലേഷൻ-ഡ്രസ് യൂണിഫോമിന്റെ ഭാഗമാണ് ചെരിപ്പുകൾ എന്നാണ് വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കും മറുപടിയായി പ്രതിരോധ മന്ത്രാലയം നൽകിയത്.
ഉക്രെയ്നിലെ പലരും പദ്ധതിയിൽ രൂക്ഷമായ വിമർശനമറിയിച്ചു കൊണ്ട് രംഗത്തെത്തി. ഒരു കൂട്ടം നിയമനിർമ്മാതാക്കൾ പ്രതിരോധ മന്ത്രി ആൻഡ്രി തരാനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
ഹീൽസ് ധരിച്ചുള്ള പരേഡ് അപമാനമാണെന്ന് കമന്റേറ്റർ വിറ്റാലി പോർട്ട്നിക്കോവ് ഫേസ്ബുക്കിൽ കുറിച്ചു.
കോംബാറ്റ് ട്രൗസറിലും കറുത്ത ബ്ലോക്ക് ഹീലുകളും ധരിച്ചുള്ള വനിതാ സൈനികരുടെ ചിത്രങ്ങൾ ആദ്യം കണ്ടപ്പോൾ തട്ടിപ്പാണെന്നാണ് കരുതിയതെന്ന് ജെറാഷ്ചെങ്കോ പറഞ്ഞു. ഇത് സ്ത്രീ വിരുദ്ധതയാണെന്നും, സ്ത്രീകൾക്ക് അനുയോജ്യമായ സുരക്ഷാ കവചങ്ങൾ രൂപകൽപ്പന ചെയ്യന്നതിനേക്കാൾ പ്രാധാന്യം ഹൈ ഹീൽസിന് പ്രതിരോധ മന്ത്രാലയം നൽകിയത് എന്തിനാണെന്ന് മനസിലാകുന്നിലെന്നും അവർ അറിയിച്ചു.

ഒരു സൈനിക പരേഡ് എന്നത് സൈനിക വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാനുള്ളതാകണമെന്ന് സൈനിക വിദഗ്ദയായ മരിയ ബെർലിൻസ്ക പ്രതികരിച്ചു.
31,000 ത്തിലധികം സ്ത്രീകൾ ഇപ്പോൾ രാജ്യത്തെ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here