24
Jul 2021
Saturday

വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ മുകേഷ് എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ കൊല്ലം എംഎല്‍എ മുകേഷിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. പല തവണ അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് പറഞ്ഞിട്ടും വിളിച്ചയാളോട് എന്താണ് കാര്യമെന്ന് എംഎല്‍എ ചോദിച്ചില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഒറ്റപ്പാലം സ്വദേശിയായ പത്താം ക്ലാസുകാരന്‍ സ്വന്തം നാട്ടിലെ എംഎല്‍എ ആണെന്നു കരുതി സുഹൃത്ത് നല്‍കിയ നമ്പറില്‍ മുകേഷിനെ വിളിക്കുകയായിരുന്നു. എന്നാല്‍ മീറ്റിങ്ങിനിടെ ആറു തവണ ഫോണ്‍ വന്നതോടെ എംഎല്‍എ പ്രകോപിതനായാണ് സംസാരിച്ചത്. വിളിച്ച വിദ്യാര്‍ത്ഥി പാലക്കാട്ടുകാരന്‍ ആണെന്ന് പറയുമ്പോള്‍ പാലക്കാട് എംഎല്‍എയെ അല്ലേ വിളിക്കേണ്ടതെന്നും മുകേഷ് ചോദിച്ചു.

രാഹുലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ വിശദരൂപം;

അന്തസ്സ് വേണം മുകേഷേ , അന്തസ്സ്
നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോണ്‍ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോണ്‍ ചെയ്തത് നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്‌കാരത്തിന്റെ ഭാഗമാണ്.
എന്നാല്‍ ഇപ്പോള്‍ ആ പത്താം ക്ലാസ്സുകാരന്‍ വിളിച്ചത് എം മുകേഷ് എന്ന കൊല്ലം എംഎല്‍എയെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയില്‍ നിങ്ങള്‍ക്കുണ്ട്. അവന്‍ വാങ്ങുന്ന ബുക്കിന്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.
ആറ് തവണ വിളിച്ചതിന്റെ പേരിലാണോ ആ പതിനാറുകാരന്റെ നേര്‍ക്ക് നിങ്ങളുടെ ധിക്കാരവും, ധാര്‍ഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പര്‍ അവന് കൊടുത്തതിന്റെ പേരില്‍ അവന്റെ കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പര്‍ കൊടുത്താല്‍ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ ?

സാര്‍ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തില്‍ വിളിച്ച് ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങള്‍ അവനോട് ആക്രോശിക്കുന്നതിനിടയില്‍ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങള്‍ക്കില്ലെ? ഒരുപാട് സാധാരണക്കാരന്റെ വിഷമങ്ങള്‍ കേട്ട് നാടകങ്ങള്‍ സൃഷ്ടിച്ച ഒ മാധവന്റെ മകന് ഇങ്ങനെ ചെയ്യുവാന്‍ കഴിയുമോ?
പ്രിയ കൊല്ലംകാരേ, എംഎല്‍എയുടെ പേരറിയാത്തവരെ നേരില്‍ കണ്ടാല്‍ ചൂരലിനു അടിക്കുമെന്ന് പറയുന്ന ങ മുകേഷാണ് നിങ്ങളുടെ എംഎല്‍എ. അതിനാല്‍ ചൂരലിനടികൊള്ളാതിരിക്കുവാന്‍ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.
പിന്നെ ഒറ്റപ്പാലം എംഎല്‍എ ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിന്റെ സംശയത്തിന് സ്ഥലം എംഎല്‍എ അഡ്വ. കെ പ്രേംകുമാര്‍ മറുപടി പറയുക.
ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവര്‍ പറയുക, യൂത്ത് കോണ്‍ഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യും.

Story Highlights: m mukesh mla, youth congress

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top