മെഗാ ലേലം ഡിസംബറിൽ; ഫ്രാഞ്ചൈസികൾക്ക് നിലനിർത്താൻ സാധിക്കുന്നത് 4 താരങ്ങളെയെന്ന് റിപ്പോർട്ട്

2022 ഐപിഎലിനു മുന്നോടിയായുള്ള മെഗാ ലേലം ഡിസംബറിലെന്ന് സൂചന. മെഗാ ലേലത്തിൽ ഫ്രാഞ്ചൈസികൾക്ക് നിലനിർത്താൻ കഴിയുന്നത് നാല് താരങ്ങളെയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2022 ഐപിഎൽ മുതൽ 10 താരങ്ങളാണ് കളിക്കുക. അതുകൊണ്ട് തന്നെ എല്ലാ ഫ്രാഞ്ചൈസികൾക്കും മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ കഴിയണമെന്നതിനാലാണ് പുതിയ നിർദ്ദേശം.
ടീമിലുള്ള നാല് താരങ്ങളെ നിലനിർത്തി മറ്റ് താരങ്ങളെ റിലീസ് ചെയ്യണം. മൂന്ന് ഇന്ത്യൻ താരങ്ങളെയും ഒരു വിദേശ താരത്തെയുമാണ് നിലനിർത്താൻ അനുവാദമുള്ളത്. രണ്ട് വീതം ഇന്ത്യൻ, വിദേശ താരങ്ങളെയും നിലനിർത്താം. നേരത്തെ മൂന്ന് താരങ്ങളെ നിലനിർത്തി രണ്ട് റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിക്കാനുള്ള അവസരമാണ് ഫ്രാഞ്ചൈസികൾക്ക് ഉണ്ടായിരുന്നത്. ആകെ ചെലവാക്കാവുന്ന തുക 85 കോടിയിൽ നിന്ന് 90 കോടി രൂപ ആക്കിയിട്ടുണ്ട്.
അതേസമയം, ഈ സീസണിൽ ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടക്കും. സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ നടക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.
യുഎഇയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികളെ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കാവും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കായിക മത്സരങ്ങളിൽ വാക്സിൻ സ്വീകരിച്ച ആളുകളെ അനുവദിക്കാം എന്നതാണ് യുഎഇയിലെ നയം. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെ അനുവദിച്ചേക്കുമെന്നാണ് സൂചന.
Story Highlights: BCCI to conduct IPL mega auction in December
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here