മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കം; ശിവസേന-ബി.ജെ.പി. ചർച്ച; തങ്ങൾ ശത്രുക്കളല്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

ശിവസേനയുമായിട്ട് കുറച്ച് കാലമായി ചർച്ചകൾ നടത്തി വരികയാണെന്ന് ബി.ജെ.പിയുടെ വെളിപ്പെടുത്തൽ. ഇതിനിടെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുക്കളല്ലെന്ന് പ്രഖ്യാപിച്ചു. രണ്ട് പാര്‍ട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഫഡ്‌നാവിസ് മറുപടി നല്‍കി.
സേനയുമായുള്ള ചർച്ചകളെ സംബന്ധിച്ചും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും ചോദിച്ചപ്പോഴായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.
ശിവസേയുടെ സഖ്യകക്ഷിയായ എന്‍.സി.പി. നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ബി.ജെ.പി.-സേന ചര്‍ച്ച ഉയര്‍ന്നുവരുന്നത് എന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ സഖ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് ശിവസേനയും എന്‍.സി.പി.യും ആരോപിച്ചിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മഹാ വികാസ് അഘാടി സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളും തര്‍ക്കം പരസ്യമാക്കി. അതേ സമയം ബിജെപിയുമായി യാതൊരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here