ഐഎസ്ആര്‍ഒ ചാരക്കേസില്‍ മറിയം റഷീദയുടെ മൊഴി സിബിഐ രേഖപ്പെടുത്തി; ഐബിയില്‍ നിന്ന് ക്രൂരപീഡനങ്ങള്‍ നേരിട്ടതായി മൊഴി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ മറിയം റഷീദയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തി. മൊഴിപ്പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. സിബിഐ ആവശ്യപ്പെട്ട പ്രകാരം മാലിയില്‍ നിന്ന് മറിയം റഷീദ മൊഴി തയാറാക്കി അഭിഭാഷകന് കൈമാറുകയായിരുന്നു. അഭിഭാഷകനാണ് സിബിഐക്ക് ഇത് കൈമാറിയത്. മറിയം റഷീദയെ നേരിട്ട് സിബിഐ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. ചോദ്യം ചെയ്യലില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐ എസ്.വിജയന്‍ ഹോട്ടല്‍മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നും സിബിഐ സംഘത്തിന് മറിയം റഷീദ മൊഴി നല്‍കി.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് 28 ദിവസം ഇന്റലിജന്‍സ് ബ്യൂറോ തന്നെ ചോദ്യം ചെയ്തതായി മറിയം റഷീദ സിബിഐക്ക് മൊഴി നല്‍കി. ഐഎസ് ബന്ധമുള്ള ചാരവനിത എന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. കുറ്റസമ്മതം ചെലുത്താന്‍ തനിക്കെതിരെ വലിയ സമ്മര്‍ദങ്ങളുണ്ടായി എന്നും മൊഴിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു.
ഇന്റലിജന്‍സ് ചോദ്യം ചെയ്യലിനിടെ നിരവധി തവണ മാനസിക ശാരീരിക പീഡനങ്ങളുണ്ടായി. കസേര കൊണ്ടുള്ള അടിയില്‍ കാലിന് പൊട്ടലുണ്ടായെന്ന് മറിയം റഷീദ വിശദീകരിച്ചു. കാഴ്ച ശക്തിയെ ബാധിക്കുന്ന തരത്തില്‍ കണ്ണിലേക്ക് ടോര്‍ച്ച് അടിച്ചിരുന്നതായും സിബിഐക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐ എസ്.വിജയന്‍ ഹോട്ടല്‍മുറിയിലെത്തി അപമര്യാദയായി പെരുമാറി. പിന്നീട് തന്റെ വിസ തീര്‍ന്ന ദിവസം തിരുവനന്തപുരം കമ്മിഷണര്‍ ഓഫിലെത്തിയ തന്നെ ചാരവനിത എന്നാരോപിച്ച് എസ് വിജയന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ചന്ദ്രശേഖരനെ തനിക്ക് പരിചയമുള്ളത്, തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുമ്പോഴുള്ള വിമാനയാത്രയിലാണ്. ചന്ദ്രശേഖരന്‍ മുഖേനയാണ് ശാസ്ത്രജ്ഞനായ ശശികുമാറിനെ പിന്നീട് തിരുവനന്തപുരത്ത് വച്ച് പരിചയപ്പെടുന്നത് എന്നും മറിയം റഷീദ സിബിഐക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
Story Highlights: ISRO spy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here