ഇന്ത്യക്കാർക്കുള്ള വിലക്ക് നീക്കാൻ ഒരുങ്ങി മാലദ്വീപ്

ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ വീസ ഓൺ അറൈവൽ സൗകര്യം വരുന്ന ജൂലൈ 15 മുതൽ പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് മാലദ്വീപ്. പ്രസിഡൻറ് ഓഫീസിൽ നടന്ന പത്ര സമ്മേളനത്തിൽ പ്രസിഡൻറ് മുഹമ്മദ് സോളിഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ പ്രശ്നത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
ജോലിക്ക് വീസയുള്ളവർക്ക് മാലദ്വീപിൽ ജൂലൈ ഒന്ന് മുതൽ പ്രവേശനം അനുവദിക്കും. ഇവർ രാജ്യത്തിനകത്ത് എത്തി കഴിഞ്ഞാൽ ക്വാറന്റീന്‍ പാലിക്കേണ്ടി വരും. കൊവിഡ് ലക്ഷണമില്ലാത്ത വിനോദ സഞ്ചാരികൾക്ക് രാജ്യത്ത് എത്തിച്ചേരുമ്പോൾ പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല. എന്നാൽ യാത്രക്കാർ എല്ലാരും തന്നെ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലം കയ്യിൽ കരുതേണ്ടതുണ്ട്.
ദക്ഷിണേഷ്യയിലുള്ളവർക്ക് വീസ വിതരണം പുനരാരംഭിക്കുമെന്ന് മാലദ്വീപിലെ ടൂറിസം മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.
കൊവിഡ് രണ്ടാമ തരംഗം പടർന്ന് പിടിച്ച സാഹചര്യത്തിൽ 2021 മെയ് മാസത്തിലായിരുന്നു ദക്ഷിണേഷ്യയിൽ നിന്നുള്ള യാത്രക്കാർക്ക് മാലദ്വീപ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമേ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഈ നിരോധനത്തിന് കീഴിൽ ഉൾപ്പെട്ടിരുന്നു. നിലവിലെ സ്ഥിതിയും കൊവിഡ് കേസുകളിലെ കുറവും കണക്കിലെടുത്താണ് വിനോദ സഞ്ചാരികളെ വീണ്ടും അനുവദിക്കാനുള്ള തീരുമാനം മന്ത്രാലയം എടുത്തത്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേകമായി എന്തെങ്കിലും നിർദേശങ്ങൾ പാലിക്കേണ്ടി വരുമോ എന്നുള്ള കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല. നിലവിൽ എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കുമുള്ള യാത്ര നിർദേശങ്ങൾ ചുവടെ പറയുന്നവയാണ്.
എല്ലാ യാത്രക്കാരും (പുറപ്പെടും മുമ്പ്) 24 മണിക്കൂർ മുമ്പ് മാലദ്വീപ് ഇമിഗ്രേഷൻ പോർട്ടലിൽ ഹെൽത്ത് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം.
യാത്രക്കാർ എല്ലാരും പുറപ്പെടും മുമ്പ് 96 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് പി.സി.ആർ. പരിശോധനാ ഫലം കയ്യിൽ കരുതണം.
എത്തിച്ചേരുമ്പോൾ നിർബന്ധിത കൊവിഡ് പരിശോധനയോ ക്വാറന്റീനോ ആവശ്യമില്ല. എന്നാൽ കൊവിഡ് രോഗ ലക്ഷണമുള്ളവർ പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാവുകയും ഫലം ലഭിക്കുന്നത് വരെ സ്വന്തം ചിലവിൽ ഏതെങ്കിലും റിസോർട്ടിലോ അല്ലെങ്കിൽ നിയുക്ത ട്രാൻസിറ്റ് സൗകര്യത്തിലോ താമസിക്കേണ്ടി വരും.
സംഘം ചേർന്നാണ് യാത്രയെങ്കിൽ നടപടി ക്രമമനുസരിച്ച് ബാക്കിയുള്ള എല്ലാവരും പരിശോധന നടത്തുകയും ക്വാറന്റീൻ പാലിക്കുകയും വേണം.
മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയ്‌യുടെ നിലനിൽപ്പ് തന്നെ ടൂറിസത്തെ ആശ്രയിച്ചാണ്. കൊവിഡ് മൂലം കടുത്ത സാമ്പത്തിക ആഘാതമാണ് മാലദ്വീപ് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ നേരിട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here