എന്നാലും എന്റെ ടീച്ചര്‍മാരേ ഇത്രയധികം അസൈന്‍മെന്റൊന്നും കൊടുക്കല്ലേ, കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കണേ; വൈറലായ ‘കുട്ടിപ്പരാതി’ പങ്കുവച്ച് വി ഡി സതീശന്‍
കുറച്ചുദിവസം മുന്‍പാണ് അഭയ്കൃഷ്ണ എന്ന ആറാംക്ലാസുകാരന്‍ തന്റെ ‘പഠനഭാരത്തെ’ കുറിച്ച് വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. നിരവധി ആളുകളാണ് വിഡിയോ ഏറ്റെടുത്തതും പങ്കുവച്ചതും. കൊവിഡും ലോക്ക്ഡൗണും ഒക്കെ വന്നതോടെ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ ലോകം ഡിജിറ്റല്‍ ലോകത്തേക്കൊതുങ്ങി. പുറത്തിറങ്ങാനാകാതെ വീട്ടിലിരുന്ന് അവര്‍ ലോകം കണ്ടു. എന്നാല്‍ അത്തരം കുട്ടികളുടെ അവസ്ഥ എങ്ങനെയാണെന്ന് അഭയ് കൃഷ്ണയുടെ വിഡിയോ കണ്ടാല്‍ മനസിലാകും. ഇപ്പോള്‍ ഈ വിഡിയോ പങ്കുവച്ച് കുട്ടികള്‍ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒപ്പം ‘എന്നാലും എന്റെ ടീച്ചര്‍മാരേ ഇത്രയധികം അസൈന്‍മെന്റൊന്നും കൊടുക്കല്ലേ, ഒരു പാട് പഠിച്ചും എഴുതിയും മടുത്തെന്ന് കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കണേ’ എന്നൊരു അപേക്ഷയും.
കുറിപ്പ് വായിക്കാം;
‘അതേയ് കേരളത്തിലെ ടീച്ചര്‍മാരേ, ഈ കൊച്ചു മിടുക്കന്‍ പറയുന്നതൊന്നു കേട്ടോളൂ. ഇന്നലെ ഈ മിടുമിടുക്കനോട് ഞാന്‍ സംസാരിച്ചു. അഭയ് കൃഷ്ണയെന്നാണ് പേര്. ആറാം ക്ലാസിലാണ് പഠിക്കുന്നത്. വയനാട് ചേലോട് എച്ച്‌ഐഎം യു.പി. സ്‌ക്കൂളില്‍. ചോദ്യം കേട്ടല്ലോ! എന്താ ടീച്ചര്‍മാരേ, ഈ പഠിത്തം, പഠിത്തം എന്നു വെച്ചാല്‍? ഇങ്ങനെ എഴുതാന്‍ അസൈന്‍മെന്റ് തരരുതേ … ഇതാണ് അഭയ് പറയുന്നത്.
പഠിക്കാന്‍ ഇഷ്ടമാണെന്നു പറയുന്ന അഭയ് കൃഷ്ണയുടെ വാക്കുകളിലുണ്ട് ലോക്ക് ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ തന്നെയായി, സ്‌ക്കൂളിലും പോകാനാകാതെ, കളിക്കാന്‍ പോകാനുമാകാതെ, കൂട്ടുകാര്‍ക്കൊപ്പം കുറുമ്പുകാട്ടാനാകാതെ കുടുങ്ങിയ നമ്മുടെ കുഞ്ഞുങ്ങളുടെ മുഴുവന്‍ വേവലാതി. ടീച്ചറും സ്‌കൂളും പരീക്ഷയും അസൈന്‍മെന്റും എല്ലാം ഒരു മൊബയ്ല്‍ ഫോണിലേക്ക് ഒതുങ്ങി. എന്താ പാവം കുഞ്ഞുങ്ങള്‍ ചെയ്യുക? എന്നിട്ടും അഭയ് കൃഷ്ണയെ പോലുള്ള കുഞ്ഞോമനകള്‍ പുതിയ സാഹചര്യവുമായിട്ട് ഇണങ്ങി. എത്ര നല്ല കുഞ്ഞുങ്ങളായാണ് അവര്‍ നാടിന്റെ സ്ഥിതിക്കൊപ്പം പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്തത്. നമുക്ക് ഈ കഠിനകാലത്ത് അവര്‍ക്കൊപ്പം നില്‍ക്കാം – കൂട്ടായും കരുതലായും.
എന്നാലും എന്റെ ടീച്ചര്‍മാരേ ഇത്രയധികം അസൈന്‍മെന്റൊന്നും കൊടുക്കല്ലേ, ഒരു പാട് പഠിച്ചും എഴുതിയും മടുത്തുന്ന് കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കണേ !
കുവൈറ്റില്‍ ജോലി ചെയ്യുന്ന ഗിരീഷിന്റേയും ഹനുഷയുടെയും മകനാണ് അഭയ് കൃഷ്ണ. സ്‌നേഹം, ആശംസകള്‍ പ്രിയപ്പെട്ട അഭയ്. ഇനി വയനാട്ടില്‍ വരുമ്പോള്‍ നേരിട്ട് കാണാം.’
Story Highlights: vd satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here