കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ, പ്രതിമാസം പെന്‍ഷനും നല്‍കും: കെജരിവാള്‍

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 50,000 രൂപ ധനസഹായവും 2500 രൂപ പ്രതിമാസം പെന്‍ഷനുമാണ് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ‘മുഖ്യമന്ത്രി കൊവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴിയാണ് സഹായം.
ഡല്‍ഹിയിലെ മിക്കവാറും എല്ലാ കുടുംബങ്ങളെയും കൊവിഡ് ബാധിച്ചു. കുട്ടികളടക്കം നിരവധി പേര്‍ അനാഥരായി. പല കുടുംബങ്ങള്‍ക്കും വരുമാന മാര്‍ഗമായിരുന്ന അത്താണി തന്നെ നഷ്ടപ്പെട്ടു. ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനാണ് പദ്ധതി, കെജരിവാള്‍ പറഞ്ഞു. മാതാപിതാക്കള്‍ കൊവിഡിന് ഇരയായി അനാഥമാക്കപ്പെട്ട കുട്ടികള്‍ക്ക് എല്ലാ മാസവും 2500 രൂപവീതം നല്‍കും. 25 വയസ് പ്രായമാകുന്നതുവരെ ഇത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു. ഓണ്‍ലൈനിലൂടെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
അപേക്ഷ സമര്‍പ്പിക്കാനായി ഇന്നുമുതല്‍ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിക്കും. ആധാറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് കുടുംബങ്ങള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. ഇതിന് കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ നേരിട്ട് വീടുകളെത്തി അപേക്ഷ നല്‍കാന്‍ സഹായിക്കും. അപേക്ഷ സമര്‍പ്പിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പ്രതിനിധി വീട്ടിലെത്തി രേഖകള്‍ പരിശോധിക്കുമെന്നും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here