നേരിട്ടത് 278 പന്തുകൾ, നേടിയത് 38 റൺസ്; ഹാഷിം അംലയുടെ അവിശ്വസനീയ ചെറുത്തുനില്പിൽ സമനില നേടി കൗണ്ടി ടീം

കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയ ചെറുത്തുനില്പിലൂടെ ടീമിനു സമനില സമ്മാനിച്ച് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല. സറേയുടെ താരമായ അംല 278 പന്തുകൾ നേരിട്ടാണ് ഹാംപ്ഷയറിനെതിരെ സമനില പിടിച്ചത്. 47 ഓവറുകളോളം നീണ്ട ഈ ചെറുത്തുനില്പിൽ അദ്ദേഹം ആകെ സ്കോർ ചെയ്തത് പുറത്താകാതെ 38 റൺസാണ്.
ഹാംപ്ഷയറിനെതിരായ മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിലായിരുന്നു അംലയുടെ മാരത്തൺ ഇന്നിംഗ്സ്. ഫോളോ ഓൺ വഴങ്ങി ബാറ്റിംഗിനിറങ്ങിയ അവർക്ക് തുരുതുരാ വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ക്രീസിൽ പിടിച്ചുനിന്ന അംല ടീമിന് അവിശ്വസനീയ സമനില സമ്മാനിക്കുകയായിരുന്നു. സറേ 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുത്തപ്പോഴേക്കും ഇരു ക്യാപ്റ്റന്മാരും സമനിലയ്ക്ക് സമ്മതിച്ചു.
ആദ്യ ഇന്നിംഗ്സിൽ ഹാംപ്ഷയർ 488 റൺസാണ് നേടിയത്. 174 റൺസെടുത്ത കിവീസ് താരം കോളിൻ ഡി ഗ്രാൻഡ്‌ഹോം ആണ് ഹാംപ്ഷയറനായി മികച്ച പ്രകടനം നടത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സറേ ആദ്യ ഇന്നിംഗ്സിൽ വെറും 72 റൺസിന് ഓൾഔട്ടായി. 29 റൺസ് നേടിയ അംല തന്നെയായിരുന്നു ആദ്യ ഇന്നിംഗ്സിലെ സറേയുടെ ടോപ്പ് സ്കോറർ. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനെത്തിയപ്പോഴും സറേ തകർന്നു. തുടർന്നായിരുന്നു അംലയുടെ ചെറുത്തുനില്പ്.
Story Highlights: Amla blockathon helps Surrey draw against Hampshire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here