ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം: പരിശീലന മത്സരങ്ങളിൽ കളിച്ചില്ല; സഞ്ജുവിന് പരുക്ക്?

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ഈ മാസം 13നാണ് ആരംഭിക്കുന്നത്. ശിഖർ ധവാൻ്റെ നേതൃത്വത്തിലുള്ള ബി ടീമാണ് ശ്രീലങ്കയ്ക്കെതിരെ ഏറ്റുമുട്ടുക. നിരവധി യുവതാരങ്ങൾ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചു. ഒപ്പം, മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണും ടീമിൽ ഇടം നേടിയിരുന്നു. എന്നാൽ, ടീമിനൊപ്പം ഉണ്ടെങ്കിലും ഇൻട്ര സ്ക്വാഡ് മത്സരങ്ങളിൽ താരം കളിക്കാൻ ഇറങ്ങാത്തത് ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. സഞ്ജുവിന് പരുക്ക് പറ്റിയിരിക്കുമോ എന്നതാണ് സംശയം.
ഇന്ത്യ ശ്രീലങ്കയിലെത്തി രണ്ട് ഇൻട്ര സ്ക്വാഡ് മത്സരങ്ങളാണ് കളിച്ചത്. ഒരെണ്ണം ഇന്നലെയും മറ്റൊന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപുമായിരുന്നു. ഈ രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ കണ്ടില്ല. ആദ്യ മത്സരത്തിൽ താരം കളിച്ചില്ലെന്നത് സംശയമാണെങ്കിൽ ഇന്നലത്തെ ഇൻട്ര സ്ക്വാഡ് മത്സരത്തിൽ സഞ്ജു ഉണ്ടായിരുന്നില്ലെന്ന് ഉറപ്പായി. ഇന്നലെ നടന്ന മത്സരത്തിൻ്റെ വിഡിയോ ക്ലിപ്പ് ശ്രീലങ്കൻ ക്രിക്കറ്റിൻ്റെ യൂട്യൂബ് ചാനൽ പങ്കുവച്ചിരുന്നു. വിഡിയോയ്ക്കിടെ സ്റ്റേഡിയത്തിലെ സ്കോർബോർഡ് ദൃശ്യമായപ്പോൾ ഇരു ടീമുകളും അതിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ, ഈ രണ്ട് ടീമിലും സഞ്ജുവിൻ്റെ പേര് ഉണ്ടായിരുന്നില്ല. ഭുവനേശ്വറിൻ്റെ ടീമിൽ ഇഷൻ കിഷനായിരുന്നു വിക്കറ്റ് കീപ്പർ. ധവാൻ്റെ ടീമിൽ ആരാണ് കീപ്പറായതെന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം ഓപ്പണർ ദേവ്ദത്ത് പടിക്കലിൻ്റെ ജന്മദിനം ആഘോഷിച്ചുള്ള വിഡിയോ ബിസിസിഐ ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചിരുന്നു. ഇതിലും സഞ്ജുവിനെ കണ്ടില്ല. ഇൻട്ര സ്ക്വാഡ് മത്സരങ്ങളുടെയും ടീമിൻ്റെ പരിശീലനത്തിൻ്റെയും മറ്റും ചിത്രങ്ങളിലും സഞ്ജു ഉണ്ടായിരുന്നില്ല.
ടീം മാനേജ്മെൻ്റോ സഞ്ജുവോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
Story Highlights: sanju missing in intra squad matches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here