‘രാജവെമ്പാലയെ പിടിക്കണം, അതൊരു ആഗ്രഹമാണ്’; തിരൂരിലെ ലേഡി ‘Snake Catcher’ ഉഷ പറയുന്നു

പാമ്പെന്ന് കേട്ടാൽ പൊതുവെ എല്ലാവർക്കും പേടിയാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. എന്നാൽ പാമ്പ് പിടുത്തം തൊഴിലാക്കിയ ഒരു സ്ത്രീയുണ്ട് മലപ്പുറത്ത്. തിരൂർ സ്വദേശിനി ഉഷ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഉഷയുടെ പാമ്പുപിടുത്തം. ഇതു മാത്രമല്ല, ഡ്രൈവിംഗ് സ്‌കൂൾ ടീച്ചറായും, ട്രോമ കെയർ വൊളന്റിയറായും, നീന്തൽ വിദഗ്ധയായും, കബഡികളിക്കാരിയായുമെല്ലാം കഴിവ് തെളിയിച്ചു ഈ 36കാരി. ജീവിതത്തിൽ തോറ്റുപോകുന്ന നിമിഷങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് സ്വന്തം ഇടം എത്തിപ്പിടിച്ചിരിക്കുകയാണ് ഉഷ. തിരൂരിലെ ഉഷയുടെ കഥ പോരാട്ടത്തിന്റേത് കൂടിയാണ്.

പാമ്പുകളോടുള്ള കരുതൽ
പതിനൊന്നാം വയസിൽ തുടങ്ങിയതാണ് പാമ്പുകളോടുള്ള കരുതൽ. ഒരു ഓണക്കാലത്ത് പൂപറിക്കാൻ പോയപ്പോൾ യാദൃശ്ചികമായി ഉണ്ടായ ഒരു സംഭവം പാമ്പുകളോടുള്ള കരുതലിന് കാരണമാകുകയായിരുന്നു. വിഷമുള്ള പാമ്പിനെ പിടികൂടാൻ സാധിക്കുമെന്ന് മനസിലായത് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. അന്ന് ഒരു രണ്ടര വയസുകാരിയെ പാമ്പ് കടിയിൽ നിന്ന് രക്ഷിച്ചിരുന്നു. അതോടെ പാമ്പിനെ പിടിക്കുമെന്ന് നാട്ടുകാർ അറിഞ്ഞു തുടങ്ങി.

രാജവെമ്പാലയെ പിടിക്കണം, അതൊരു ആഗ്രഹമാണ്
ഒരുപാട് പാമ്പുകളെ പിടിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ പാമ്പുപിടുത്തം തുടങ്ങിയതിനാൽ എത്ര പാമ്പുകളെ പിടിച്ചിട്ടുണ്ട് എന്നതിന് കൃത്യമായ കണക്കില്ല. ലൈസൻസിന് കിട്ടിയതിന് ശേഷമാണ് കൂടുതൽ പാമ്പുകളെ പിടിക്കാൻ തുടങ്ങിയത്. ഒരു ദിവസം രണ്ടും മൂന്നും കോളുകൾ വരെ ലഭിക്കും. രാജവെമ്പാലയെ പിടിച്ചിട്ടില്ല. തങ്ങൾ താമസിക്കുന്ന ഭാഗത്ത് രാജവെമ്പാല ഇല്ല. രാജവെമ്പാലയെ പിടിക്കണമെന്ന് ആഗ്രഹമുണ്ട്.

അപകടം സംഭവിച്ചിട്ടുണ്ട്
പാമ്പ് കടിയേറ്റിട്ടുണ്ട്. ചേരയാണ് കടിച്ചത്. വലയിൽ കുടുങ്ങിയ ചേരയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. അന്ന് കാര്യമായിട്ടൊന്നും സംഭവിച്ചില്ല. തിരൂർ ഒരു വീട്ടിൽ പാമ്പിനെ പിടിക്കുന്നതിനിടെ ചെറിയ ഒരു അപകടം ഉണ്ടായി. മാനസികമായി സന്തോഷവും ശാരീരികമായി വേദനയുമുണ്ടാക്കിയ സംഭവമായിരുന്നു അത്.

വാവ സുരേഷിനെ കാണണം
വാവ സുരേഷിനെ നേരിട്ട് കാണാൻ വലിയ ആഗ്രഹമുണ്ട്. ഇത് വരെ സാധിച്ചിട്ടില്ല. ഒരിക്കൽ നമ്പർ തപ്പിയെടുത്ത് വിളിച്ചിരുന്നു. പകുതി സംസാരിച്ചപ്പോൾ വച്ചുകളഞ്ഞു. സുരേഷേട്ടൻ എന്ത് കരുതുമെന്ന് വിചാരിച്ച് ഞാൻ തന്നെ കോൾ കട്ട് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ കാണണമെന്നും സംസാരിക്കണമെന്നും ആഗ്രഹമുണ്ട്.

ഒരു സർക്കാർ ജോലി, അതൊരു പ്രതീക്ഷയാണ്
ചെറുപ്പത്തിൽ പൊലീസാകണം എന്നായിരുന്നു ആഗ്രഹം. അതുകൊണ്ടാണ് സ്‌പോർട്‌സിലൊക്കെ ആക്ടീവായത്. പക്ഷേ അത് നടന്നില്ല. വിദ്യാഭ്യാസം പാതിവഴിയിൽ നിന്നു. ഉള്ള വിദ്യാഭ്യാസത്തിന് അനുസരിച്ച് ഒരു സർക്കാർ ജോലി കിട്ടുമെന്നാണ് പ്രതീക്ഷ.
വിഡിയോ
Story Highlights: Lady snake catcher, Usha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here