Advertisement

കറുകപുത്തൂര്‍ പീഡനം; പൊലീസിന് ഗുരുതര വീഴ്ച; മയക്കുമരുന്ന് മാഫിയയെ പിടികൂടിയെങ്കിലും വിട്ടയച്ചു

July 9, 2021
Google News 1 minute Read
karukaputhur rape case

പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ തൃത്താല പൊലീസിന് ഗുരുതര വീഴ്ച. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ സംഘത്തെ പട്ടാമ്പിയിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയെങ്കിലും ഉന്നത സ്വാധീനത്തെ തുടര്‍ന്ന് പൊലീസ് വിട്ടയക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതിയായ അഭിലാഷിന്റെ ബന്ധുവിന്റെ സ്വാധീനത്തെ തുടര്‍ന്നാണ് നടപടിയെടുക്കാതിരുന്നതെന്ന് വ്യക്തമായി. സംഘം ഹോട്ടലില്‍ ഉണ്ടായിരുന്ന സമയം തൃത്താല പൊലീസ് എത്തിയിരുന്നുവെന്ന വിവരം ഹോട്ടലുടമയും സ്ഥിരീകരിച്ചു.

പ്രധാന പ്രതി അഭിലാഷിന്റെ ഭീഷണിയ്ക്ക് വഴങ്ങി ഏറ്റവുമൊടുവില്‍ പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത് കഴിഞ്ഞ മാസം നാലിനാണ്. തൃശൂരിലെ പെണ്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഭിലാഷിനൊപ്പം പോയത്. എന്നാല്‍ എട്ടാം തിയതി വരെ പട്ടാമ്പിയിലെ ആര്യ ഹോട്ടലില്‍ മുറിയില്‍ അഭിലാഷും പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ മുറിയില്‍ ലഹരി പാര്‍ട്ടി നടന്നിരുന്നു. പട്ടാമ്പി മേഖലയിലെ അഭിലാഷിന്റെ 9 സുഹൃത്തുക്കളും മാരക മയക്കുമരുന്ന് ഉപയോഗിച്ചുള്ള പാര്‍ട്ടിയുടെ ഭാഗമായി. ഈ ഘട്ടത്തിലെല്ലാം മയക്കുമരുന്ന് നല്‍കി കുട്ടിയെ അഭിലാഷ് പീഡിപ്പിച്ചു. ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി.

മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയും അഭിലാഷുമടക്കമുള്ളവരെയും വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. അഭിലാഷിന്റെ ബന്ധുവായ ജെപി എന്ന ജയപ്രകാശിന്റെ സ്വാധീനം മൂലമാണ് എല്ലാവരെയും വിട്ടയച്ചതെന്ന് പെണ്‍കുട്ടിയുടെ ഉമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ റാക്കറ്റില്‍ നിന്ന് മോചിപ്പിച്ച് ചികിത്സയ്ക്ക് വിധേയമാക്കിയത്.

പ്രതികള്‍ക്ക് ഉന്നത സ്വാധീനമുണ്ടെന്ന കണക്കുകൂട്ടലിലാണ് ബന്ധുക്കള്‍ സ്പീക്കര്‍ എം ബി രാജേഷ് വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പിന്നീട് ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് കേസന്വേഷണം ഊര്‍ജിതമാവുകയും മൂന്ന് പ്രധാന പ്രതികളെ പിടികൂടുകയും ചെയ്തത്. കേസില്‍ മൂന്നാം പ്രതി മുഹമ്മദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ലഹരിമരുന്ന് റാക്കറ്റിലെ കണ്ണികളായ അഭിലാഷിന്റെ 9 സുഹൃത്തുക്കളുടെ വീടുകളിലും ഇന്നലെ രാത്രി ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം റെയ്ഡ് നടത്തിരുന്നു. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരെ കൂടി പിടികൂടിയാല്‍ മാത്രമേ ആരാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നത് സംബന്ധിച്ച വിവരം വ്യക്തമാകൂ.

Story Highlights: rape case, drug mafia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here