റെക്കോർഡ് ഫിഫ്റ്റിയുമായി നതാലി സിവർ; ആദ്യ ടി-20യിൽ ഇന്ത്യൻ വനിതകളെ തകർത്ത് ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഇംഗ്ലണ്ട് വനിതകൾക്ക് തകർപ്പൻ ജയം. മഴ കളിച്ച മത്സരത്തിൽ ഡക്ക്‌വർത്ത്-ലൂയിസ് നിയമപ്രകാരം 18 റൺസിനാണ് ഇംഗ്ലണ്ടിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് 177 റൺസെടുത്ത ഇംഗ്ലണ്ടിനു മറുപടിയായി 8.4 ഓവറിൽ 54 റൺസ് എടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. 27 പന്തുകളിൽ 55 റൺസെടുത്ത ഇംഗ്ലണ്ട് താരം നതലൈ സിവർ ആണ് മത്സരത്തിലെ താരം.
ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ട് ഭേദപ്പെട്ട രീതിയിലാണ് തുടങ്ങിയത്. ആദ്യ വിക്കറ്റിൽ തമി ബ്യൂമൊട്ടും ഡാനിയൽ വ്യാട്ടും ചേർന്ന് 56 റൺസ് കൂട്ടുകെട്ടുയർത്തി. വ്യാട്ടിനെ (31) പുറത്താക്കി രാധ യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചപ്പോൾ തമി ബ്യൂമൊണ്ട് (18) പൂനം യാദവിൻ്റെ ഇരയായി മടങ്ങി. ഹെതർ നൈറ്റ് (6) റണ്ണൗട്ടായി. 11.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിൽ ഒത്തുചേർന്ന നതാലി സിവറും ഏമി ജോൺസും ചേർന്ന് ഇംഗ്ലണ്ടിനെ മികച്ച രീതിയിൽ മുന്നോട്ടുനയിച്ചു. തട്ടുപൊളിപ്പൻ ബാറ്റിംഗ് കാഴ്ചവച്ച സിവർ വെറും 24 പന്തുകളിലാണ് ഫിഫ്റ്റി തികച്ചത്. ഒരു ഇംഗ്ലണ്ട് വനിതാ താരത്തിൻ്റെ ഏറ്റവും വേഗതയേറിയ ടി-20 ഫിഫ്റ്റി ആയിരുന്നു ഇത്. 7 ഓവറിൽ ഏമി ജോൺസുമായി ചേർന്ന് 78 റൺസ് അടിച്ചുകൂട്ടിയ സിവർ ഒടുവിൽ, 19ആം ഓവറിൽ ശിഖ പാണ്ഡെയുടെ ഇരയായി മടങ്ങി. ആ ഓവറിൽ തന്നെ ഏമി ജോൺസും (43) സോഫിയ ഡങ്ക്‌ലിയും (1) മടങ്ങി. ഇന്നിംഗ്സിലെ അവസാന പന്തിൽ കാതറിൻ ബ്രണ്ട് (2) റണ്ണൗട്ടായി. സോഫി എക്ലസ്റ്റൺ (9) പുറത്താവാതെ നിന്നു.
178 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടി ലഭിച്ചു. രണ്ടാം പന്തിൽ തന്നെ ഷഫാലി (0) ക്ലീൻ ബൗൾഡ്. കാതറിൻ ബ്രണ്ടിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ ഹർലീൻ ഡിയോളും സ്മൃതി മന്ദനൗം ചേർന്ന് 44 റൺസ് കൂട്ടിച്ചേർത്തു. 17 പന്തുകളിൽ 29 റൺസെടുത്ത മന്ദനയെ പുറത്താക്കിയ സിവർ ഈ കൂട്ടുകെട്ട് പൊളിച്ചു. കരിയറിലെ ഏറ്റവും മോശം ഫോമിൽ നിൽക്കുന്ന ഹർമൻപ്രീത് കൗർ (1) സാറ ഗ്ലെനു മുന്നിൽ വീണതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അറ്റു. ഹർലീൻ ഡിയോൾ (17), ദീപ്തി ശർമ്മ (4) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights: england women won against india t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here