Advertisement

കൊവിഡ്‌ മൂലം മരിച്ച രോഗിയിൽ ഒരേ സമയം ആൽഫ, ബീറ്റ വകഭേദങ്ങൾ കണ്ടെത്തി

July 11, 2021
Google News 0 minutes Read

കൊവിഡ്‌ ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയ തൊണ്ണൂറുകാരിക്ക് വൈറസിന്റെ ആൽഫ, ബീറ്റ വകഭേദങ്ങൾ ഒരേ സമയം ബാധിച്ചിരുന്നതായി ബെൽജിയം ഗവേഷകർ. വൈറസ് ബാധ തിരിച്ചറിയാൻ കഴിയാഞ്ഞതോ, വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നത് കൊണ്ടോ ആവാം മരണത്തിന് കാരണമായതെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു. കൊവിഡ്‌ രോഗികളിൽ വളരെ അപൂർവമായി മാത്രമാണ് ഒന്നിലധികം വകഭേദം ഒരേസമയം കണ്ടെത്തുന്നത്.

ആല്‍സ്റ്റിലെ ഒ.എല്‍.വി. ആശുപത്രിയില്‍ മാര്‍ച്ചിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. അതെ ദിവസം തന്നെയാണ് അവർക്ക് കൊവിഡ്‌ ബാധ സ്ഥിരീകരിച്ചത്. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന അവർ വാക്‌സിൻ സ്വീകരിച്ചിരുന്നില്ല. ആദ്യ ദിവസങ്ങളിൽ ഓക്സിജൻ അളവിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീടാണ് നില ഗുരുതരമായത്. അഞ്ച് ദിവസത്തിന് ശേഷം അവർ മരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗിയിൽ ആൽഫ, ബീറ്റ വകഭേദങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ബെല്‍ജിയത്തില്‍ ആ സമയത്ത് രണ്ട് വകഭേദങ്ങളും വ്യാപിച്ചിരുന്നതായും മരിച്ച രോഗിയ്ക്ക് വ്യത്യസ്ത വ്യക്തികളില്‍ നിന്ന് രണ്ട് വകഭേദങ്ങളും ബാധിച്ചതായിരിക്കാമെന്നും ഓ.എൽ.വി. ആശുപത്രിയിലെ മോളികുലാർ ബയോളജിസ്റ്റായ ആൻ വാൻകീർബർഗൻ പറഞ്ഞു. രണ്ട് വകഭേദങ്ങളും ഒരേസമയം ബാധിച്ചതാണോ മരണ കാരണമെന്ന് വ്യക്തമല്ലെന്ന് അവർ പറഞ്ഞു. രാജ്യത്ത് ഇത്തരത്തിലുള്ള മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. വകഭേദങ്ങള്‍ കൂടി കണ്ടെത്തുന്ന വിധത്തില്‍ പി.സി.ആര്‍. പരിശോധന ത്വരിതപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബ്രസിലിൽ സമാനമായ രണ്ട് കേസുകൾ ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അത് സംബന്ധിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. ഒരേ സമയം ഒന്നിലധികം വകഭേദങ്ങള്‍ പിടിപെടുന്നത് കോവിഡ് ഗുരുതരമാകാന്‍ ഇടയാക്കുമോയെന്നും വാക്‌സിന്റെ ഫലപ്രാപ്തിയെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോയെന്നുമുള്ള കാര്യങ്ങള്‍ പഠനങ്ങളില്‍ ഉള്‍പ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here