രണ്ടാം ടി-20യിലും ഓസ്ട്രേലിയയെ തകർത്ത് വെസ്റ്റ് ഇൻഡീസ്

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി-20 മത്സരത്തിലും വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. 56 റൺസിനാണ് ആതിഥേയർ ഓസീസിനെ തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് 196 റൺസ് നേടിയ വിൻഡീസിനു മറുപടിയായി 140 റൺസെടുക്കുന്നതിനിടെ ഓസീസ് ഓൾഔട്ടാവുകയായിരുന്നു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് മൂന്നാം ഓവറിൽ തന്നെ ആന്ദ്രേ ഫ്ലെച്ചറിനെ (9) നഷ്ടമായി. മികച്ച രീതിയിൽ കളിച്ച ലെൻഡൽ സിമ്മൻസ് (30) പവർപ്ലേയുടെ അവസാന ഓവറിൽ പുറത്തായി. ഗെയിൽ (13) പെട്ടെന്ന് മടങ്ങി. 7.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് എന്ന നിലയിൽ പരുങ്ങിയ വിൻഡീസിനെ നാലാം വിക്കറ്റിൽ ഷിംറോൺ ഹെട്‌മെയറും ഡ്വെയിൻ ബ്രാവോയും ചേർന്നാണ് കരകയറ്റിയത്. ആക്രമിച്ച് കളിച്ച ഇരുവരും ചേർന്ന് 10 ഓവറിൽ 103 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിനിടെ ഹെട്‌മെയർ ഫിഫ്റ്റിയടിച്ചു. 18ആം ഓവറിൽ, 36 പന്തുകൾ നേരിട്ട് 61 റൺസെടുത്ത താരം റണ്ണൗട്ടായി. പിന്നാലെ, വെറും 8 പന്തുകളിൽ നിന്ന് 2 വീതം സിക്സറും ബൗണ്ടറികളുമായി 24 റൺസ് നേടിയ ആന്ദ്രേ റസൽ വിൻഡീസിലെ 200നരികെ എത്തിച്ചു. റസലിനൊപ്പം ഡ്വെയിൻ ബ്രാവോ (47) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിൽ ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ മാത്യു വെയ്ഡ് (0) മടങ്ങി. ആരോൺ ഫിഞ്ചും (6) ക്രീസിൽ ഏറെ തുടർന്നില്ല. ജോഷ് ഫിലിപ്പെ (13), മോയിസസ് ഹെൻറിക്കസ് (19), ബെൻ മക്ഡർമോട്ട് (7), ഡാനിയൽ ക്രിസ്ത്യൻ (9) എന്നിവരും വേഗം മടങ്ങി. 42 പന്തുകളിൽ 54 റൺസ് നേടിയ മിച്ചൽ മാർഷ് മാത്രമാണ് പിടിച്ചുനിന്നത്. എന്നാൽ മാർഷിനു പിന്തുണ നൽകാൻ മറ്റ് താരങ്ങൾക്ക് സാധിച്ചില്ല. ആഷ്ടൻ ആഗർ (1), മിച്ചൽ സ്റ്റാർക്ക് (8), ആദം സാംപ (3), ജോഷ് ഹേസൽവുഡ് (4) എന്നിങ്ങനെ വാലറ്റവും വേഗം കീഴടങ്ങി.
ജയത്തോടെ 5 മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് 2-0നു മുന്നിലെത്തി. ഇനി മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ അവശേഷിക്കുന്നത്.
Story Highlights: west indies defeated australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here