ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ടി-20; ഇന്ത്യക്ക് ബാറ്റിംഗ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും കഴിഞ്ഞ കളിയിലെ അതേ ടീം നിലനിർത്തിയിട്ടുണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ മത്സരം വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
ഏകദിന പരമ്പര 2-1ന് അടിയറ വെച്ച ഇന്ത്യക്ക് ടി-20 പരമ്പരയിലെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ബാറ്റിംഗ് ഡിപ്പാർറ്റ്മെൻ്റിൽ വേണ്ട കരുത്തില്ലാത്തത് ഇന്ത്യയെ പിന്നോട്ടടിക്കുന്നു. സ്മൃതി മന്ദന, ഷഫാലി വർമ്മ എന്നിവരൊക്കെ ബാക്കിയാരും ടി-20ക്ക് അനുസൃതമായ രീതിയിൽ കളിക്കുന്നില്ല. ഹർമൻപ്രീത് ഫോം ഔട്ടാണ്. കഴിഞ്ഞ മത്സരത്തിലൂടെ ഇന്ത്യൻ ക്യാപ്റ്റൻ ഫോമിലേക്കുയർന്നത് ആശ്വാസമാണെങ്കിലും ഈ മൂന്ന് പേരിൽ മാത്രം ഇന്ത്യക്ക് ആശ്രയിക്കാനാവില്ല. കഴിഞ്ഞ മത്സരത്തിൽ ദീപ്തി ശർമ്മ പുറത്താവാതെ 24 റൺസ് നേടിയെങ്കിലും അതിന് 27 പന്തുകൾ വേണ്ടിവന്നു. ഒരു ടി-20 ഇന്നിംഗ്സ് എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നായിരുന്നു അത്. മികച്ച ടോപ്പ് ഓർഡർ ബാറ്ററായ റിച്ച ഘോഷ് കഴിഞ്ഞ കളിയിൽ ബാറ്റ് ചെയ്തത് അഞ്ചാം സ്ഥാനത്താണ്. റിച്ച ദീപ്തി ശർമ്മ ബാറ്റ് ചെയ്യുന്ന പൊസിഷനിലെങ്കിലും കളിച്ചാലേ ഇന്ത്യക്ക് ഗുണമുണ്ടാവൂ. സ്നേഹ് റാണ ഫിനിഷർ റോളിൽ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ദീപ്തി ശർമ്മയുടെ ബാറ്റിംഗ് പൊസിഷനാവും ഇന്ത്യൻ സംഘത്തെ കുഴയ്ക്കുന്നത്.
Story Highlights: india women will bat against england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here