Advertisement

സിനിമയ്ക്ക് മാത്രം അനുവാദമില്ല; കേരളത്തില്‍ നിന്ന് ഷൂട്ടിംഗ് മറ്റ് സംസ്ഥാനങ്ങളിലേക്ക്

July 14, 2021
1 minute Read
film shooting
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിലെ സിനിമ ഷൂട്ടിംഗ് മാറ്റി നിര്‍മാതാക്കള്‍. ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയത്. ഫെഫ്കയുടെ 17 യൂണിയനുകളുടെതാണ് തീരുമാനം. അതേസമയം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ കേരളത്തില്‍ അനുമതി നല്‍കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം.

ഫെഫ്ക ഇതുസംബന്ധിച്ച് വാര്‍ത്താകുറിപ്പും പുറത്തിറക്കി.

കുറിപ്പ്,

മലയാള സിനിമ ഒരു തൊഴില്‍ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പന്‍ പ്രതിസന്ധിയാണ്. ഒന്നാം ലോക്ക് ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടല്‍ സമയത്ത്, സര്‍ക്കാര്‍ ചലച്ചിത്ര തൊഴിലാളികള്‍ക്ക് സഹായമായി തന്നത് ആളൊന്നിന് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിതശക്തിയും, സഹപ്രവര്‍ത്തകരുടെ സ്‌നേഹപൂര്‍വ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സി എസ് ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേര്‍ന്നപ്പോള്‍, സഹായമഭ്യര്‍ത്ഥിച്ച ഒരോ ചലച്ചിത്ര പ്രവര്‍ത്തകനും 5000 രൂപ അക്കൗണ്ടില്‍ എത്തിച്ചു കൊടുക്കുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കൂടാതെ സ്ഥിരമായി ജീവന്‍രക്ഷാ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവര്‍ക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതര്‍ക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ തൊഴിലാളികള്‍ക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2, 25,00,000 രൂപ സംഘടന കണ്ടെത്തി ചിലവിട്ടു.

രണ്ടാം അടച്ചിടല്‍ ഘട്ടത്തില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകള്‍ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്‌സിനേഷന്‍, കോവിഡ് ബാധിതര്‍ക്ക് ചികിത്സാ സഹായം, കുടുംബങ്ങള്‍ക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികള്‍ക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഇവ്വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ല.

നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ സിനിമ എന്ന തൊഴില്‍ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാര്‍ക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളില്‍ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍, നിബന്ധനകളോടെ, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താന്‍ റ്റെലിവിഷന്‍ സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമക്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനു മുന്‍പ് പിസിആര്‍ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയോ ബബിള്‍ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങള്‍ മാത്രമല്ല നിര്‍മാതാക്കളും സര്‍ക്കാരിനോട് പലതവണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സീരിയല്‍ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ല.

ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാവുന്നതുള്‍പ്പടെ 7-ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. നിര്‍മാണ മേഖലയുള്‍പ്പടെവയ്ക്ക് പ്രവര്‍ത്തിക്കാന്‍ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാല്‍, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകള്‍ പുനരാരംഭിക്കാനുള്ള അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Story Highlights: fefka, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement