കേരളത്തിന് കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിനായി കൂടുതൽ വാക്സിൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ഏപ്രിലില്‍ ആരംഭിച്ച രണ്ടാം തരംഗത്തില്‍ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റാ വൈറസാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ രണ്ടാം തരംഗം ആരംഭിച്ചത്. ടെസ്റ്റിംഗ് ആവശ്യമായ തോതില്‍ നടത്തിയും, ക്വാറന്‍റൈനും ചികിത്സയും ഫലപ്രദമായി നടപ്പിലാക്കിയും രോഗത്തെ പ്രതിരോധിക്കാന്‍ കേരളത്തിനു സാധിച്ചുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ആദിവാസി ജനവിഭാഗങ്ങള്‍, കിടപ്പുരോഗികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികള്‍, വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍, ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തില്‍ പെടുന്നവര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക വാക്സിനേഷന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഒട്ടും നഷ്ടപ്പെടുത്താതെ ഏറ്റവും വേഗത്തില്‍ വാക്സിന്‍ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഇതെല്ലാം കണക്കിലെടുത്ത് കേരളത്തില്‍ ആവശ്യമായ അളവില്‍ വാക്സിൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാനാവശ്യമായ പിന്തുണ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Story Highlights: Kerala C M Pinarayi Vijayan, PM Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here