എപ്പോഴും മാസ്ക് അണിയാനാവില്ല; പന്തിനെ പിന്തുണച്ച് ഗാംഗുലി

മാസ്ക് അണിയാതെ യൂറോ കപ്പ് മത്സരങ്ങൾ കാണാൻ പോയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെതിരെ വിമർശനം ശക്തമായിരുന്നു. അലക്ഷ്യമായി കറങ്ങിനടന്നതുകൊണ്ടാണ് താരത്തിനു കൊവിഡ് പോസിറ്റീവായത് എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. എന്നാൽ, ഋഷഭ് പന്തിനെ പിന്തുണച്ച് ഇപ്പോൾ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുകയാണ്.
“ഞങ്ങൾ വിംബിൾഡണും യൂറോ കപ്പും ഇംഗ്ലണ്ടിൽ കണ്ടതാണ്. അവിടെ നിയമങ്ങൾ മാറി. താരങ്ങൾ ഇപ്പോൾ അവധിയിലാണ്. അതുകൊണ്ട് എല്ലായ്പ്പോഴും മാസ്ക് ധരിക്കുക എന്നത് അസാധ്യമാണ്.”- ഗാംഗുലി പറഞ്ഞു.
അതേസമയം, ഋഷഭ് പന്തിനു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബാക്കപ്പ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ക്വാറൻ്റീനിൽ പ്രവേശിച്ചു. സാഹയ്ക്കൊപ്പം ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ബാക്കപ്പ് ഓപ്പണർ അഭിമന്യു ഈശ്വരൻ എന്നിവരും ക്വാറൻ്റീനിൽ പ്രവേശിച്ചിട്ടുണ്ട്. നേരത്തെ, പന്തിനും ത്രോഡൗൺ സ്പെഷ്യലിസ്റ്റ് ദയാനന്ദ് ഗരാനിക്കും കൊവിഡ് പോസിറ്റീവായിരുന്നു. ഈ അഞ്ച് താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ പരിശീലന മത്സരത്തിനായി ഡറമിലേക്ക് പോയത്.
ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. അടുത്ത സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ മത്സരത്തോടെ ആരംഭിക്കും. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും.
Story Highlights: Sourav Ganguly Defends Rishabh Pant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here