പനമരം ഇരട്ട കൊലപാതകം; പ്രതികളെ കുറിച്ച് കാര്യമായ സൂചനകളില്ല

വയനാട് പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് കാര്യമായ സൂചനകളില്ല. വീടുമായി ബന്ധമുള്ളവര്‍ തന്നെയാണ് കൃത്യത്തിന് പിന്നിലെന്ന അനുമാനത്തിലാണ് പൊലീസ്. പ്രദേശത്ത് ക്യാമ്പ് ചെയ്തു കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 10ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താഴെ നെല്ലിയമ്പത്തെ പത്മാലയത്തില്‍ കേശവനെയും ഭാര്യ പത്മാവതിയെയും കൊലപ്പെടുത്തിയവര്‍ മാസം ഒന്ന് കഴിഞ്ഞിട്ടും കാണാമറയത്താണ്. മുഖംമൂടി ധരിച്ച രണ്ടു പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പത്മാവതി പറഞ്ഞിരുന്നു.
തുടര്‍ന്നുള്ള പരിശോധനയില്‍ വീടിനരികിലെ ഏണിയില്‍ നിന്ന് വിരലടയാളവും കൃഷിയിടത്തിലെ കുളത്തില്‍ നിന്ന് രക്തക്കറയുള്ള തുണിയും പൊലീസിന് ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച സാഹചര്യ തെളിവുകള്‍ അനുസരിച്ചായിരുന്നു പൊലീസ് അന്വേഷണം. പ്രദേശത്തെ സിസിടിവികളും എണ്‍പതിനായിരത്തോളം ഫോണ്‍ കോളുകളും പരിശോധിച്ചു.
മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി, എസ്പി, നാലു ഡിവൈഎസ്പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പ്രതികളിലേക്ക് നയിക്കുന്ന തെളിവുകളൊന്നും കിട്ടിയില്ല. വീടുമായി ബന്ധമുള്ളവര്‍ തന്നെയാണ് കൃത്യത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.
Story Highlights: panamaram double murder, wayanad, crime
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here