സംസ്ഥാന വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള ഈ മാസം 31ന് വിരമിക്കും

സംസ്ഥാന വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള ഈ മാസം 31ന് വിരമിക്കും. ബോർഡിന്റെ ഏറ്റവും പ്രതിസന്ധി കാലഘട്ടങ്ങളിൽ ബോർഡിനെ നയിച്ച ചെയർമാനാണ് എൻ.എസ്.പിള്ള. അടുത്ത വർഷത്തോടെ വൈദ്യുതി ബോർഡ് ലാഭത്തിലാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് അദ്ദേഹം പടിയിറങ്ങുന്നത്.
ബോർഡിനു ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടേണ്ടിവന്ന പ്രളയകാലത്താണ് എൻ.എസ്.പിള്ളയെന്ന വൈദ്യുതി ബോർഡ് ചെയർമാനെ ജനങ്ങൾ കൂടുതലായി അറിയുന്നത്. ഡാമുകൾ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന രാഷ്ട്രീയ ആരോപണത്തെ അദ്ദേഹം പരസ്യമായി ശക്തിയുക്തം എതിർത്തു. അതിപ്പോഴും ശരിയാണെന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
രണ്ടു പ്രളയത്തിലൂടെ ബോർഡിന് നഷ്ടമായത് 1950 കോടിയായിരുന്നു. കൊവിഡ് കാലത്ത് വൈദ്യുതി ബില്ലുകളുമായി ബന്ധപ്പെട്ട പരാതികൾ മാധ്യമങ്ങളിലൂടെ ഉയർന്നപ്പോൾ അതിനു മാധ്യമങ്ങളിലൂടെ തന്നെ വിശദീകരണവും നൽകി. വരുമാന ചോർച്ചയ്ക്ക് ഏറ്റവും പ്രധാന കാരണമായ തകരാറിലായ മീറ്ററുകൾ മാറ്റിവച്ചതോടെ ബോർഡിന്റെ വരുമാനം 30 ശതമാനം വരെ വർധിച്ചു. കൂടാതെ കെട്ടിക്കിടന്ന അപേക്ഷകളിലെല്ലാം വൈദ്യുതി കണക്ഷൻ നൽകി. അടുത്ത വർഷം ബോർഡ് ലാഭത്തിലാകുമെന്ന് എൻ.എസ്.പിള്ള പറഞ്ഞു.
ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സർവീസ് ലഭിച്ച എൻ.എസ്.പിള്ള ചത്തീസ്ഗഡ്ഡിൽ അക്കൗണ്ടന്റ് ജനറലായിരിക്കുമ്പോഴാണ് വൈദ്യുതി ബോർഡ് ധനകാര്യ ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിതനാകുന്നത്. തുടർന്ന് 2018 ഫെബ്രുവരിയിൽ ബോർഡ് ചെയർമാനായി നിയമിതനായി. എൻ.എസ് പിള്ള വിരമിക്കുന്ന ഒഴിവിൽ ഊർജ്ജ വകുപ്പ് സെക്രട്ടറി ബി. അശോകിന് ചെയർമാന്റ താൽക്കാലിക ചുമതല നൽകി.
Story Highlights: ns pillai retires on july 31
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here