04
Aug 2021
Wednesday

സിക വൈറസ്- രോഗലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ; അറിയേണ്ടതെല്ലാം [24 Explainer]

zika virus symptoms malayalam 24 explainer

കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് ആശങ്ക പരത്തി സികയും (zika virus malayalam )പിടിമുറുക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പതിനാല് പേർക്കാണ് സിക്ക സ്ഥിരീകരിച്ചത്. സിക വൈറസ് എന്താണെന്നും ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും ഇതിനോടകം പല മാധ്യമങ്ങളിലൂടെയും നാം അറിഞ്ഞു. എന്നാൽ സിക നാം അറിഞ്ഞത് പോലെ കൊതുകിലൂടെ മാത്രമല്ല പകരുന്നത്. പിന്നെ എങ്ങനെയെല്ലാമാണ് സിക പടരുന്നത് ? സിക പരത്തുന്ന കൊതുകിനെ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കും. എന്തൊക്കെയാണ് ഈ അടയാളങ്ങൾ ? എങ്ങനെ പ്രതിരോധിക്കാം ? നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?

എന്താണ് സിക വൈറസ് ?

കൊതുകുകളിലൂടെ പകരുന്ന ഫഌവിവൈറസാണ് സിക വൈറസ്. 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടർന്ന് 1952 ൽ മനുഷ്യരിലും കണ്ടെത്തി. ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ബ്‌രസീൽ തുടങ്ങിയ പ്രദേശങ്ങളിൽ സിക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നേരത്തെ തന്നെ സിക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, കേരളത്തിൽ സിക സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. എന്തൊക്കെയാണ് സിക വൈറസിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം.

രോഗ ലക്ഷണങ്ങൾ ?

പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

സിക വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയുള്ളു. എന്നാൽ എല്ലാവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ചിലരിൽ ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. അത് തന്നെയാണ് ഈ രോഗത്തിന്റെ അപകടവും.

രോഗം പകരുന്നത് എങ്ങനെ ?

സിക വൈറസ് പ്രധാനമായും പകരുന്നത് കൊതുകുകളിലൂടെയാണ്. എന്നാൽ ഇത് ഒരു മാർഗം മാത്രമാണ്.

  1. ഈഡിസ് കൊതുകുകളിലൂടെ
  2. ലൈംഗിക ബന്ധത്തിലൂടെ
  3. ഗർഭിണിയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്
  4. ലാബ് സ്‌പെസിമൻ (ആരോഗ്യ വിദഗ്ധർക്ക് അസുഖം ലഭിക്കുന്നത്)

രോഗത്തിന്റെ തീവ്രത

സിക വൈറസ് എല്ലാവരിലും അപകടകാരിയല്ല. പലപ്പോഴും 7 ദിവസം മുതൽ 14 ദിവസം വരെ മാത്രമേ സിക ശരീരത്തിൽ ഉണ്ടാകുകയുള്ളു. സിക അപൂർവമായി കാണപ്പെടുന്ന വൈറസായതുകൊണ്ട് തന്നെ ഇപ്പോഴും ഈ വൈറസിനെ കുറിച്ച് കൂടുതൽ പഠിച്ചുകൊണ്ടിരിക്കുകയാണ് ശാസ്ത്ര ലോകം. നിലവിൽ ലഭ്യമായ വിവരം പ്രകാരം സിക വൈറസിനെ കൂടുതൽ ഭയക്കേണ്ടത് ഗർഭിണികളായ സ്ത്രീകളാണ്.

ഗർഭിണികളെ ബാധിക്കുന്നതെങ്ങനെ ?

Union Cabinet approves amendments in Surrogacy Regulation Bill

സിക വൈറസ് ഗർഭച്ഛിദ്രത്തിന് കാരണമായേക്കുമെന്നാണ് പറയപ്പെടുന്നത്. കുഞ്ഞ് ചാപിള്ളയാകാനും, മാസം തികയുന്നതിന് മുൻപ് പിറക്കാനും സാധ്യതയുണ്ട്. ഇതിനെയെല്ലാം മറികടന്ന് കുഞ്ഞ് ജനിച്ചാൽ തന്നെ ചിലപ്പോൾ മൈക്രോസെഫലി സംഭവിക്കാം. കുഞ്ഞിന്റെ തല സാധാരണയിലും ചെറുതായി കാണുന്ന അവസ്ഥയാണ് മൈക്രോസെഫലി. മുതിർന്നവരിൽ ഗളൻ ബാരി സിൻഡ്രോം സംഭവിക്കാം. അരയ്ക്ക് താഴേക്ക് തളർന്ന് പോകുന്ന അവസ്ഥയാണ് ഇത്. എന്നാൽ ഇത് അപൂർവമായാണഅ കണ്ട് വരുന്നത്. പക്ഷേ സാധ്യത തള്ളിക്കളയാനാകില്ല.

ഈഡിസ് കൊതുകുകളിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്.

എങ്ങനെയാണ് ഈഡിസ് കൊതുകുകളെ നാം തിരിച്ചറിയുന്നത് ?

കൊതുകുകളുടെ ദേഹത്തുണ്ടാകുന്ന വെള്ള പാടുകൾ തന്നെയാണ് ഈഡിസ് കൊതുകിന്റെ അടയാളം. ഇവ പകൽ സമയങ്ങളിലായിരിക്കും മനുഷ്യരെ കടിക്കുക. പുലർച്ചെയായിരിക്കും ഇവയുടെ ആക്രമണം കൂടുതൽ ഉണ്ടാകുക. അതുകൊണ്ട് തന്നെ കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

എങ്ങനെ പ്രതിരോധിക്കാം ?

insectant repellant mosquito net..അഥവാ കീടനാശിനി പോലുള്ളവ ഉപയോഗിച്ചിട്ടുള്ള കൊതുക് വലകൾ..ഇവ കടകളിൽ ലഭ്യമാണെങ്കിൽ അവ ഉപയോഗിക്കാം. ശ്രദ്ധിക്കുക ഇത്തരം കീടനാശിനികൾ നാം കൈകാര്യം ചെയ്ത് അപകടം ക്ഷണിച്ച് വരുത്തരുത്. ഇതല്ലെങ്കിൽ സാധാരണ കൊതുകുവലകൾ ഉപയോഗിക്കാം. ഡ്രൈ ഡേ മാർഗങ്ങൾ സ്വീകരിക്കുകയാണ് മറ്റൊരു പ്രധാന കാര്യം. വീടിന് ചുറ്റുമുള്ള വെള്ളം കെട്ടികിടക്കുന്ന ചെടിച്ചട്ടിക്കൾ, ചിരട്ട, ടയറ്, പാത്രങ്ങൾ പോലുള്ളവയിൽ നിന്ന് വെള്ളം കളഞ്ഞ് കൊതുകിന് വളരാനുള്ള ഇടമെല്ലാം നശിപ്പിക്കുക. ഈഡിസ് കൊതുകുകൾക്ക് വളരെ കുറച്ച് ദൂരം മാത്രമേ പറക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഒരു പ്രദേശത്തെ കൊതുകുനിവാരണം വിജയകരമായി പൂർത്തീകരിച്ചാൽ സികയെ ജയിച്ചു കഴിഞ്ഞുവെന്ന് ചുരുക്കം.

Read Also : ഷി​ഗല്ല : ലക്ഷണങ്ങൾ, ചികിത്സ, പരിശോധന; അറിയേണ്ടതെല്ലാം [24 Explainer]

ലൈംഗിക ബന്ധത്തിലൂടെ സിക വൈറസ് ബാധിക്കാം. സിക കണ്ടുവരുന്ന പ്രദേശത്ത് നിന്ന് സഞ്ചരിച്ച വ്യക്തിയുമായി കുറച്ച് നാളത്തേക്കെങഅകിലും ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഉത്തമം. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് ഒരു പരിധി വരെ തടയും. സിക വൈറസ് ബാധിതനായ പുരുഷൻ ആറ് മാസത്തേക്ക് ലൈംഗിക ബന്ധത്തിൽ നിന്ന് അകന്ന് നിൽക്കണം. സ്ത്രീയാണെങ്കിൽ എട്ട് ആഴ്ചയും.

ഗർഭിണിയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് സിക വൈറസ് ബാധിക്കാമെന്നതുകൊണ്ട് തന്നെ കുഞ്ഞിൽ മൈക്രോസെഫലി രോലുള്ള രോഗങ്ങൾ ഉണ്ടാകാം. ഇക്കാരണം കൊണ്ട് തന്നെ ഗർഭിണികളായ സ്ത്രീകൾ മേൽപറഞ്ഞത് പോലെ കൊതുക് കടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണം. എന്നാൽ സിക ബാധിതയായ സ്ത്രീക്ക് മുലയൂട്ടുന്നതിന് തടസമില്ല.

ആരോഗ്യ പ്രവർത്തകരെ സിക ബാധിക്കുന്നത് പലപ്പോഴും അവർ ശേഖരിക്കുന്ന സ്‌പെസിമനിൽ നിന്നാണ്. രക്തം ശേഖരിക്കുമ്പോഴും മറ്റും സൂചി ആരോഗ്യപ്രവർത്തകരുടെ കൈയിൽ കൊണ്ട് മുറിവുകൾ ഉണ്ടാക്കാറുണ്ട്. ഈ മുറിവിലൂടെ സിക ബാധിനായ രോഗിയിൽ നിന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം പകരാം.

സിക ബാധിതനാണ് നിങ്ങളെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സിക ബാധിതന് പലപ്പോഴും ആശുപത്രിയിൽ ചികിത്സ തേടേണ്ട ആവശ്യം വരാറില്ല. വീട്ടിൽ വിശ്രമിക്കുകയും കൃത്യമായി ഭക്ഷണവും ധാരാളം വെള്ളം കുടിക്കുകയുമാണ് വേണ്ടത്. സിക ബാധിതനെ കടിച്ച കൊതുക് വീട്ടിലെ മറ്റൊരു വ്യക്തിയെ കടിക്കുന്നത് രോഗം പടരാൻ ഇടയാക്കും. അതുകൊണ്ട് സിക ബാധിതൻ കഴിവതും കൊതുകുവലയുടെ ഉള്ളിൽ വേണം ഇരിക്കാൻ. ഒപ്പം വീട്ടിൽ കൊതുക് നശീകരണം നടത്താം. കൊവിഡ് പോലെ സിക തുമ്മൽ പോലുള്ള ശരീര ശ്രവങ്ങളിലൂടെ പകരില്ല.

പരിശോധന /ചികിത്സ

സിക ആർടിപിസിആർ ടെസ്റ്റിലൂടെയാണ് കണ്ടെത്തുക. സികയ്ക്ക് കൃത്യമായ മരുന്നോ വാക്‌സിനോ ഇതുവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ കൊവിഡ് പോലെ അപകടകാരിയല്ല സിക. മരണസാധ്യതയും കുറവാണ്. പക്ഷേ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.

വിവരങ്ങൾക്ക് കടപ്പാട് : ഡോ.അരുണ എസ് വേണു , എംബിബിഎസ്, എംപിഎച്ച് , റിസർച്ച് ഓഫിസർ, സിസിഡിസി

Story Highlights: zika virus symptoms malayalam 24 explainer

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top