ഷി​ഗല്ല : ലക്ഷണങ്ങൾ, ചികിത്സ, പരിശോധന; അറിയേണ്ടതെല്ലാം [24 Explainer]

Shigella symptoms medicine vaccine treatment 24 explainer

കൊറോണ വിതച്ച ദുരിതത്തിൽ നിന്ന് നാം ഇന്നും മുക്തരായിട്ടില്ല. അതിന് പിന്നാലെയാണ് നമ്മെ വീണ്ടും ഭീതിയിലാഴ്ത്തി ഷി​ഗല്ല എന്ന രോ​ഗം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് പതിനൊന്നുവയസുകാരൻ മരിച്ചത് ഷി​ഗല്ല ബാക്ടീരിയ മൂലമാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ജില്ലയിൽ ഷി​ഗല്ല പടർന്ന് പിടിച്ചതിനെ കുറിച്ചും നാം അറിഞ്ഞത്. ഇതിനോടകം അൻപതിലേറെ പേർക്കാണ് ജില്ലയിൽ ഷി​ഗല്ല സ്ഥിരീകരിച്ചത്. എന്താണ് ഈ ഷി​ഗല്ല രോ​ഗം ? എങ്ങനെയാണ് ഇവ പടരുന്നത് ? എന്താണ് ചികിത്സാ മാർ​ഗം ? ഐസൊലേഷനും മാസ്കും ആവശ്യം വരുമോ ? എങ്ങനെയാണ് രോ​ഗത്തെ ചെറുക്കേണ്ടത് ? അറിയാം…

എന്താണ് ഷി​ഗല്ല ?

ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതൽ മൂന്ന് ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.

കിയോഷി ഷി​ഗ എന്ന ജാപ്പനീസ് ബാക്ടീരിയോളജിസ്റ്റ് 1897 ലാണ് ആദ്യമായി ഷി​ഗല്ല ബാക്ടീരയയെ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഈ ബാക്ടീരിയയ്ക്ക് ഷി​ഗല്ല എന്ന പേര് നൽകിയതും. ആഫ്രിക്ക, ദക്ഷിണേഷ്യ, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ ഷി​ഗല്ല രോ​ഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1972-73 കാലഘട്ടത്തിലും, 1997 മുതൽ 2001 വരെയുള്ള വർഷങ്ങളിലും വെല്ലൂരിൽ ഷി​ഗല്ല രോ​ഗം കണ്ടെത്തിയിട്ടുണ്ട്. 1986ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും, 2003ൽ ചണ്ഡീ​ഗഢിലും ഷി​ഗല്ല സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോൾ കേരളത്തിലും.

എന്നാൽ ഇതാദ്യമായല്ല കേരളത്തിൽ ഷി​ഗല്ല സ്ഥിരീകരിക്കുന്നത്. 2014ലാണ് കേരളത്തിൽ ആദ്യമായി ഷി​ഗല്ല രോ​ഗം റിപ്പോർട്ട് ചെയ്യുന്നത്.

വടക്കൻ കേരളത്തിലെ 49 കാരനായ വ്യക്തിയിലായിരുന്നു ആദ്യം രോ​ഗം കണ്ടെത്തിയത്. തുടർന്ന് ഏറെ നാൾക്ക് ശേഷം 2019ൽ വീണ്ടും കേരളത്തിൽ ഷി​ഗല്ല സാന്നിധ്യമുണ്ടായി. അന്ന് കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് ഷി​ഗല്ല ബാധിച്ച് മരിച്ചു. ഇപ്പോഴിതാ വീണ്ടും 2020 അവസാനത്തോടെ കോഴിക്കോട് തന്നെ വീണ്ടും ഷി​ഗല്ല പിടിമുറുക്കിയിരിക്കുകയാണ്.

രോ​ഗലക്ഷണങ്ങൾ

പനി ഷി​ഗല്ലയുടെ ഒരു ലക്ഷണമാണ്. എന്നാൽ ഒരു പനി വരുമ്പോൾ അത് ഷി​ഗല്ല ബാധകൊണ്ടാണോ, കൊവിഡ് കാരണമാണോ എന്ന് എങ്ങനെ തിരിച്ചറിയും ? എന്താണ് ഷി​ഗല്ല രോ​ഗത്തിന്റെ മറ്റ് ലക്ഷണങ്ങൾ ?

പനി,വയറുവേദന, ഛർദി, വയറിളക്കം, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ഷി​ഗല്ലയുടെ പ്രധാന ലക്ഷണങ്ങൾ. ഷി​ഗല്ല കുടലിനെയാണ് ബാധിക്കുന്നത്. കുടലിൽ പ്രവേശിക്കുന്ന ഷി​ഗല്ല അവിടെ വച്ച് ഒരു വിഷപദാർത്ഥം ഉത്പാദിപ്പിക്കുകയും, അത് നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് രേ​ഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. ആദ്യം സാധാരണ വയറിളക്കമായിരിക്കും അനുഭവപ്പെടുക. എന്നാൽ പിന്നീട് ഇതിൽ രക്തം, കഫം, പഴുപ്പ് എന്നിവ കണ്ടുതുടങ്ങും.

ഹൈറിസ്ക് വിഭാ​ഗം

ഷി​ഗല്ല ആർക്ക് വേണമെങ്കിലും വരാം. പക്ഷേ കുഞ്ഞുങ്ങളെയാണ് ഷി​ഗല്ല ഏറ്റവും കൂടുതൽ ബാധിക്കുക.

മുലപ്പാൽ കുടിക്കാത്ത കുഞ്ഞുങ്ങൾക്ക് ഇമ്യൂണിറ്റി കുറവായിരിക്കും. അത്തരക്കാർ ഹൈറിസ്ക് വിഭാ​ഗത്തിൽ വരും. ശിശുക്കൾ‍, ഏതെങ്കിലും അസുഖത്തിൽ നിന്ന് രോ​ഗമുക്തി നേടി വരുന്ന ആളുകൾ, ആരോ​ഗ്യം കുറഞ്ഞ കുട്ടികൾ, 50 വയസിന് മുകളിൽ പ്രായമുള്ള വ്യക്തികൾ എന്നിവരും ഹൈറിസ്ക് കാറ്റ​ഗറിയിൽ ഉൾപ്പെടുന്നു.

ചെറുപ്പക്കാരെയും ഷി​ഗല്ല രോ​ഗം ബാധിക്കും. പക്ഷേ ​ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. എന്നാൽ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ഇത്തരക്കാറിൽ ഷി​ഗല്ല ​​​ഗൗരവമേറിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.

പരിശോധന /ടെസ്റ്റ്

മനുഷ്യ വിസർജ്യം അഥവാ മലമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ആദ്യം സ്റ്റൂൾ ടെസ്റ്റ് ചെയ്യും. ഇതിൽ ഷി​​ല്ല സാന്നിധ്യം പരിശോധിക്കും. സ്റ്റൂൾ കൾച്ചർ ചെയ്ത് കഴിഞ്ഞാൽ ഷി​ഗല്ല രോ​ഗം സ്ഥിരീകരിക്കാം.

രോ​ഗത്തിന്റെ തീവ്രത

ചിലരിൽ രോ​​ഗം രണ്ട് ദിവസം കൊണ്ട് തന്നെ ശമിക്കും. എന്നാൽ ചിലരിൽ ഇതായിരിക്കില്ല അവസ്ഥ. അതുകൊണ്ട് വൈകാതെ, രോ​ഗലക്ഷണങ്ങൾ കണ്ടയുടൻ ചികിത്സ തേടുകയാണ് മുഖ്യം.

അണുബാധ രക്തത്തിലേക്ക് കലരുന്നതാണ് ഷി​ഗല്ല രോ​ഗത്തിന്റെ അപകടം. രോ​ഗം മൂർച്ഛിക്കുന്നത് തലച്ചോറിനെ ബാധിച്ച് ഫിറ്റ്സ് പോലുള്ള അവസ്ഥയിലേക്ക് എത്തിക്കാം. ഒപ്പം കുടലിനെ ​ഗുരുതരമായി ബാധിക്കും. ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ വരെ ബാധിക്കും. ഈ അവസ്ഥയിലാണ് മരണം സംഭവിക്കുന്നത്. 5-15ന ശതമാനം വരെയാണ് കേസ് ഫേറ്റാലിറ്റി റേറ്റ് അഥവാ മരണനിരക്ക്. അതായത് നൂറ് പേരെ ​രോ​ഗം ബാധിച്ചാൽ ഇതിൽ 5 മുതൽ 15 പേർ വരെ മരിക്കാൻ സാധ്യതയുണ്ട്.

രോ​ഗ പകർച്ച

അസുഖം ബാധിതനായ രോഗിയിൽ നിന്നുമാണ് ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് . രോഗിയുടെ മലത്തിലുള്ള രോഗാണു ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയും തുറന്നുവച്ചിരിക്കുന്ന ആഹാരത്തിലൂടെയും മറ്റുള്ളവരുടെ ശരീരത്തിലേക്ക് കടക്കാം.

അതായത് മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും രോഗം പകരും. ഈച്ചയും രോ​ഗവാഹകനാണ്. ഷി​ഗല്ല ബാക്ടീരിയയുടെ സാന്നിധ്യമുള്ള വസ്തുവിൽ ഇരുന്ന ഈച്ച നമ്മുടെ ഭക്ഷണത്തിലോ, ദേഹത്തിലോ വന്നിരിക്കുന്നത് നമ്മിൽ ​രോ​ഗബാധയ്ക്ക് കാരണമാക്കും.

ഷി​ഗല്ല ഒരു പകർച്ചവ്യാധിയയാതുകൊണ്ട് തന്നെ കൊവിഡിന് സമാനമാണ് ഇതിന്റെയും പകർച്ചാ പ്രക്രിയ. അണുബാധയുള്ള വ്യക്തിയിൽ നിന്ന് നേരിട്ടോ, ആ വ്യക്തി ഉപയോ​ഗിച്ച ടോയ്ലെറ്റിൽ നിന്നോ, ആ വ്യക്തി സമ്പർക്കം വന്ന വസ്തുവിൽ നിന്നോ ഷി​ഗല്ല ബാക്ടീരിയ നമ്മുടെ ദേഹത്ത് പ്രവേശിക്കാം.

ചികിത്സ എങ്ങനെ ?

കൊവിഡ് പോലെ മരുന്നില്ലാത്ത ഒന്നല്ല ഷി​ഗല്ല. കൃത്യമായ മരുന്നും, ചികിത്സാ രീതിയുമുണ്ട് ഷി​ഗല്ലയ്ക്ക്.

ഷി​ഗല്ല ബാധിക്കുന്ന എല്ലാവരേയും ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ട അവസ്ഥ വരാറില്ല. ഡോക്ടർ കുറിച്ചുനൽകിയ മരുന്ന് മറ്റ് നിർദേശ പ്രകാരമുള്ള നടപടികളും കൈകൊണ്ട് വീട്ടിൽ തന്നെ വിശ്രമിച്ചാൽ ഷി​ഗല്ല മാറും. ​ഗുരുതരമാകുന്ന സാഹചര്യങ്ങളിലാണ് രോ​ഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഷി​ഗല്ല രോ​ഗമുള്ളവർ, രോ​ഗികളെ പരിചരിക്കുന്നവർ എന്നിവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

  1. നിർജലീകരണം

നിർജലീകരണമാണ് ഷി​ഗല്ലയിലെ വില്ലൻ. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നില്ലെന്ന് രോ​ഗിയും പരിചരിക്കുന്നവരും ഉറപ്പു വരുത്തണം. വയറിളക്കം, ഛർദി എന്നിവയിലൂടെ സോഡിയം, പൊട്ടാസ്യം എന്നിവ ശരീരത്ത് നിന്ന് നഷ്ടപ്പെടുന്നതിനാൽ ഒആർഎസ് ലായനി കുടിക്കണം.
ഒആർഎസ് ലഭ്യമല്ലാത്തവർ അര ടീസ്പൂൺ ഉപ്പ്, ആറ് ടീസ്പൂൺ പഞ്ചസാര എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ കലക്കണം. പൊടികൾ അലിയുന്നത് വരെ കലക്കണം. ഈ ലായനി കുടിക്കുന്നത് ഒആർഎസിന്റെ ​ഗുണം ചെയ്യും.

കുട്ടികൾക്ക് ഒആർഎസ് കൊടുക്കുമ്പോൾ ഒരു ​ഗ്ലാസിൽ ഈ ലായനി എടുത്ത് ചെറിയ ടീസ്പൂൺ ഉപയോ​ഗിച്ച് കുറച്ച് കുറച്ചായിട്ടാണ് കൊടുക്കേണ്ടത്. ​ഒരു ​ഗ്ലാസ് മുഴുവനായി കുട്ടിയുടെ കൈയിൽ കൊടുത്ത് അത് ഒറ്റയടിക്ക് കുടിക്കുന്നത് വീണ്ടും ഛർദിക്കുന്നതിന് കാരണമാകും.

  1. ശരീരത്തിലെ ഊർജം നിലനിർത്തുക

ഭക്ഷണം നിർത്താതെ ഇരിക്കുക എന്നത് സുപ്രധാനമാണ്. മുലപ്പാല് കുടുക്കുന്ന കുഞ്ഞാണെങ്കിൽ അത് ഒരിക്കലും നിർത്തരുത്. 6-12 മാസം വരെയുള്ള കുഞ്ഞാണെങ്കിൽ മുലപ്പാലും ആഹാരവും കൊടുക്കാം. മൂന്ന് നേരം മുലപ്പാൽ, മൂന്ന് നേരം മറ്റ് ആഹാരങ്ങൾ എന്നിവ കൊടുക്കാം. മുലപ്പാൽ കുടിക്കാത്ത കുഞ്ഞ്, അല്ലെങ്കിൽ രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 5 നേരം ആഹാരം കൊടുക്കണം. രണ്ട് വയസിന് മുകളിലുള്ള കുഞ്ഞാണെങ്കിൽ നാല് മണിക്കൂർ കൂടുമ്പോൾ കുഞ്ഞിന് ആഹാരം കഴിക്കാൻ കൊടുക്കണം. കുട്ടികളുടെ രോ​ഗമുക്തിക്ക് ഇത് പ്രധാനമാണ്.

മുതിർന്നവർ കഴിക്കാൻ സാധിക്കുന്നത്ര ഭക്ഷണം കഴിക്കണം. പ്രൊട്ടീൻ കൂടുതൽ അടങ്ങിയ പയർ വർ​ഗങ്ങൾ, പച്ചക്കറികൾ എന്നിവ ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.

എങ്ങനെ തടയാം ?

രണ്ട് തരത്തിലാണ് പ്രതിരോധം വരുന്നത്. ഒന്ന് വ്യക്തി ശുചിത്വം രണ്ട് പുറമെയുള്ള ശുചീകരണ പ്രക്രിയകൾ.

  1. വ്യക്തിശുചിത്വം

കൊവിഡ് പോലെ തന്നെ വ്യക്തിശുചിത്വമാണ് ഷി​ഗല്ലയെ പ്രതിരോധിക്കാനുള്ള മാർ​ഗം. സോപ്പും വെള്ളവും ഉപയോ​ഗിച്ച് തന്നെ കൈകൾ ശുചിയാക്കണം. കൊവിഡ് കാലത്ത് നാം ശീലിച്ച രീതിയിലുള്ള മോഡൽ കൈ കഴുകലാണ് ഇവിടെയും വേണ്ടത്.

പൊതുയിടങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക. കുട്ടികളുടെ വിസർജ്യങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിക്കാതെ ടോയ്ലെറ്റിൽ തന്നെ കളയാൻ ശ്രദ്ധിക്കുക. പാംപേഴ്സ് പോലുള്ളവ കിണർ, മറ്റ് ജലശ്രോതസുകൾ എന്നിവയുടെ 10 മീറ്റർ ചുറ്റളവിൽ ഒരിക്കലും ഉപേക്ഷിക്കരുത്. മറിച്ച്, അകലെ കുഴിച്ചിടുകയാണ് വേണ്ടത്. ടോയ്ലെറ്റിൽ പോവുന്നതിന് മുൻപും ശേഷവും കൈ നന്നായി വൃത്തിയാക്കണം. സോപ്പ് ഉപയോ​ഗിക്കാൻ സാധിക്കാത്തവർ ചാരം ഉപയോ​ഗിച്ച് വൃത്തിയാക്കണം.

  1. മറ്റ് ശുചീകരണ പ്രക്രിയകൾ

കഴിക്കുന്ന ഭക്ഷണം ചൂടുള്ളതായിരിക്കണം. രോ​ഗവാഹകരായ ഈച്ച ഭക്ഷണത്തിലും മറ്റും വരാതെ, ഭക്ഷണം മൂടിവച്ച് ഉപയോ​ഗിക്കണം. പാകം ചെയ്ത ഭക്ഷണം കഴിവതും കഴിക്കാൻ ശ്രദ്ധിക്കുക. പഴങ്ങൾ, പച്ചക്കറികൾ പോലുള്ള പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ കേടായതും, പഴകിയതും കഴിക്കാതിരിക്കുക.

തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു. കുളിക്കാനും, മറ്റ് ശുചീകരണ പ്രവൃത്തികൾക്കും കിണറിൽ നിന്നാണ് വെള്ളമെടുക്കുന്നതെങ്കിൽ കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യണം. തൊട്ടടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടാൽ ക്ലോറിനേഷൻ പ്രക്രിയയെ കുറിച്ച് പറഞ്ഞു തരുന്നതാണ്. കുടിക്കാനുള്ള വെള്ളം ഫിൽറ്ററിൽ നിന്നാണ് വരുന്നതെങ്കിലും അവ തിളപ്പിച്ച് ഉപയോ​ഗിക്കുന്നതാകും ഉത്തമം.

ഷി​ഗല്ല രോ​ഗി ഉപയോ​ഗിച്ച തുണികൾ ക്ലോറിൻ ഉപയോ​ഗിച്ച് അണുവിമുക്തമാക്കണം. പുഴ, അരുവി പോലുള്ള ജലസ്രോതസുകളിൽ ഈ തുണികൾ കഴുകരുത്. മറ്റ് തുണികളിൽ തൊടാതെ പ്രത്യേകം വേണം രോ​ഗികളുടെ വസ്ത്രങ്ങൾ കഴുകാൻ. ശേഷം നല്ല വെയിലത്തിട്ട് ഉണക്കി എടുക്കാം.

ഷി​ഗല്ല രോ​ഗികൾക്ക് ക്വാറന്റീൻ, ഐസൊലേഷൻ എന്നിവ വേണോ ?

കൊവിഡ് പ്രോട്ടോകോൾ പോലെ ഷി​ഗല്ല രോ​ഗികൾക്ക് ക്വാറന്റീൻ നിർദേശിക്കുന്നില്ല. എന്നാൽ രോ​ഗികൾ മറ്റുള്ളവരുമായി സമ്പർക്കം കഴിയുന്നതും ഒഴിവാക്കുന്ന രീതിയിൽ അകലം പാലിക്കണം. അവർ ഉപയോ​ഗിച്ച വസ്തുക്കൾ ഉപയോ​ഗിക്കാതെയും മറ്റും നോക്കണം. ഷി​ഗല്ല പകരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ജാ​ഗ്രത പാലിക്കണം.

വാക്സിൻ

ഷി​ഗല്ല രോ​ഗത്തിനായി വാക്സിൻ ഇല്ല. എന്നാൽ മീസിൽസ് പോലുള്ള രോ​ഗങ്ങൾ കുഞ്ഞുങ്ങളെ തളർത്തും. ഈ സമയത്ത് ഷി​ഗല്ല പിടിപെടുന്നത് അപകടത്തിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ മീസിൽസ് പോലുള്ള രോ​ഗങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ പ്രതിരോധിക്കുന്ന വാക്സിനേഷനുകൾ എടുക്കാൻ ശ്രദ്ധിക്കണം. ഒൻപത് മാസം തികഞ്ഞ കുട്ടികൾക്ക് മീസിൽസ് വാക്സിൻ കുത്തിവയ്പ്പ് എടുക്കണം. അതല്ലാതെ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്ന സമയത്ത് വാക്സിൻ ക്യാമ്പുകൾ സർക്കാർ തലത്തിൽ സംഘടിപ്പിച്ചാൽ അപ്പോഴും കുത്തിവയ്പ്പ് എടുക്കണം. ഒരിക്കലും, വാക്സിനേഷനുകളിൽ നിന്ന് മാറി നിൽക്കരുത്. പ്രത്യേകം ശ്രദ്ധിക്കുക ഷി​ഗല്ലയ്ക്ക് വാക്സിനില്ല.

രോ​ഗമുക്തി

രോ​ഗലക്ഷണം മാത്രമല്ല, രോ​ഗം നമ്മെ വിട്ട് പോകുന്നു എന്നതിനും ചില അടയാളങ്ങളുണ്ട്. പനി കുറയുക, വയറിളക്കം കുറയുക, വിശപ്പ് തോന്നുക എന്നിവയാണ് രോ​ഗമുക്തിയുടെ ലക്ഷണങ്ങൾ.

കൊവിഡിന് സമാനമാണ് ഷി​ഗല്ലയും. അതൊരിക്കലും ഭൂമിയിൽ നിന്ന് പോകില്ല. തൊണ്ണൂറുകളിൽ പൊട്ടിപുറപ്പെട്ട ഷി​ഗില്ല വർഷങ്ങൾക്കിപ്പുറം വീണ്ടും വന്നിരിക്കുകയാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം ഇത് വീണ്ടും വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വ്യക്തിശുചിത്വം ഉറപ്പുവരുത്തുക എന്നതാണ് നാം ചെയ്യേണ്ടത്. ഓർക്കുക ശരീരവും പരിസരവും ശുചിയാക്കിയാൽ ഇത്തരം പകർച്ചവ്യാധികളെ ഒരുപരിധി വരെ ചെറുത്തു തോൽപ്പിക്കാൻ സാധിക്കും. ജാ​ഗ്രതയോടെ മുന്നോട്ട് പോകാം.

വിവരങ്ങൾക്ക് കടപ്പാട് – ഡോ.അരുണ എസ് വേണു, ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്പിറ്റൽ, തിരുവനന്തപുരം

Story Highlights – Shigella symptoms medicine vaccine treatment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top